20 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചു: പ്രണയങ്ങള്‍ വിവാഹമോചനത്തിന് കാരണം; ഒന്നിലും കുറ്റബോധമില്ല, സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നിയമപരമായി വിവാഹമോചിതനായി. സനല്‍കുമാര്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാഹമോചന വാര്‍ത്തയറിയിച്ചത്. 20 വര്‍ഷത്തെ വിവാഹജീവിതമാണ് അവസാനിപ്പിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലോ കോളേജില്‍ വെച്ച് തുടങ്ങിയ പ്രണയമാണ് വിവാഹത്തിലേക്കെത്തിയത്. സിനിമാതിരക്കുകള്‍ക്കിടയില്‍ പലപ്പോഴും കുടുംബത്തെ വേണ്ടവിധത്തില്‍ പരിഗണിക്കാനായിട്ടില്ല. വിവാഹശേഷമുണ്ടായ പ്രണയബന്ധങ്ങളും വിവാഹമോചനത്തിന് കാരണമായെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഇരുപത് വര്‍ഷത്തെ വിവാഹ ജീവിതം ഇന്ന് നിയമപരമായി അവസാനിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ലോകോളേജിലായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും. പുസ്തകങ്ങള്‍ തന്നെ എഴുതാവുന്നത്ര കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പിന്നീടുള്ള ഇരുപത് വര്‍ഷങ്ങള്‍. സത്യസന്ധമായി പറഞ്ഞാല്‍ സിനിമയോടൊപ്പമുള്ള യാത്രയില്‍ ഞാന്‍ വ്യക്തിജീവിതത്തെ പലപ്പോഴും മറക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്.

2012 മുതല്‍ മാത്രമാണ് സിനിമ ജീവിതത്തിന്റെ മുഴുവന്‍ സമയ പങ്കാളിയായി മാറിയതെങ്കിലും അതിന്റെ വരവ് നടന്നു തെളിഞ്ഞ വഴികളിലൂടെ അല്ലായിരുന്നതിനാല്‍ അതിനെ നിലനിര്‍ത്താന്‍ ഒരുതരം നിരന്തര സമരം വേണ്ടിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമാ നിര്‍മാണവും സിനിമാവണ്ടി വഴിയുള്ള വിതരണവും പ്രചരണവും അവഗണനകള്‍ക്കെതിരെയുള്ള പൊരുതലും ഒക്കെയായിരുന്നു എന്റെ സിനിമാ ജീവിതം.

ഇതിനിടയില്‍ രണ്ട് കുട്ടികളുള്ള കുടുംബം എനിക്കെങ്ങനെ ഉണ്ടായെന്നും ഇതുവരെ അത് എങ്ങനെ നിലനിന്നുവെന്നും വിശദീകരിക്കലാണ് പ്രയാസം. വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ഇതുവരെയുള്ള ജീവിതത്തേക്കുറിച്ച് പക്ഷെ കുറ്റബോധങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ ‘ഇല്ല’ എന്നാണുത്തരം.

സിനിമയെപ്പോലെ തന്നെ ജീവിതവും മറ്റെന്തൊക്കെയോ ബലാബലങ്ങളാല്‍ സംഭവിക്കുന്നു എന്നും അതിന്റെ ഗതിവിഗതികളില്‍ നമ്മുടെ പങ്ക് വളരെ ചെറുതാണ് എന്നുമാണ് എന്റെ ബോധ്യം. ആകെ കൂടി നമുക്ക് ചെയ്യാവുന്ന കാര്യം ‘സ്വീകരിക്കുക’ ‘നിരാകരിക്കുക’ എന്നിങ്ങനെ രണ്ടിലൊന്ന് തെരെഞ്ഞെടുത്തെ മതിയാകൂ എന്ന ഒരു സന്ദര്‍ഭ സന്ധിയില്‍ ജീവിതം നമ്മെ കൊണ്ട് ചെന്ന് നിര്‍ത്തുമ്പോള്‍ രണ്ടിലൊന്ന് തെരെഞ്ഞെടുക്കുക എന്നത് മാത്രമാണ്. അത്തരം തെരെഞ്ഞെടുപ്പുകളില്‍ എല്ലാം ഞാന്‍ സത്യത്തെ മാത്രമാണ് തീരുമാനത്തിനായി ആശ്രയിച്ചിട്ടുള്ളത്.

ചിലപ്പോഴൊക്കെ അത് അപകടകരമോ കുടുംബത്തിനും കൂട്ടുകാര്‍ക്കും അസ്വീകാര്യമോ പൊതുജനത്തിന് സ്വാര്‍ത്ഥമെന്ന് പറയാവുന്ന വിധം പരുഷമോ ആയിരുന്നിട്ടുണ്ട്. അതുണ്ടാക്കിയ അസ്വാരസ്യങ്ങള്‍ ബന്ധങ്ങളെ ബാധിക്കുക മാത്രമല്ല അവിശ്വസനീയമായ രീതിയിലുള്ള ശത്രുക്കളെ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എല്ലാം എന്റെ തന്നെ തെരെഞ്ഞെടുപ്പുകള്‍ ആയിരുന്നതിനാല്‍ അത്തരം അവസ്ഥകള്‍ക്ക് ആരെയും കുറ്റപ്പെടുത്താന്‍ ഞാനില്ല.

ആരോടും ക്ഷമ പറയുന്നതിലും അര്‍ത്ഥമില്ല. സത്യത്തെയാണ് ആശ്രയിച്ചിട്ടുള്ളത് എന്നതിനാല്‍ ആത്യന്തികമായി അത് എല്ലാവര്‍ക്കും സമാധാനവും ശാന്തിയും ഉണ്ടാക്കുകയെ ഉള്ളു എന്ന് വിശ്വസിക്കുന്നതുകൊണ്ടാണത്. എല്ലാവരും സന്തോഷമായിരിക്കട്ടെ.

Exit mobile version