വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ, ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കുള്ള അവധി; ആദ്യ ദിനം തന്നെ കരുതലോടെ കുട്ടിപട്ടാളത്തെ കൈയ്യിലെടുത്ത് ആലപ്പുഴ കലക്ടര്‍

ആലപ്പുഴ: കലക്ടറായി ചുമതല ഏറ്റെടുത്ത ആദ്യ ദിനം തന്നെ ആദ്യ ഉത്തരവിലൂടെ കുട്ടിപട്ടാളത്തെ കൈയ്യിലെടുത്തിരിക്കുകയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ വിആര്‍ കൃഷ്ണ തേജ. കലക്ടറുടെ കരുതലോടെയുള്ള അവധി ആശംസ വൈറലായിരിക്കുകയാണ്.

‘പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാന്‍ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…സനേഹത്തോടെ’ കലക്ടര്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ശ്രീറാമിനെ ആ സ്ഥാനത്തുനിന്നു മാറ്റി വി.ആര്‍.കൃഷ്ണ തേജയെ പുതിയ ആലപ്പുഴ കലക്ടറായി പ്രഖ്യാപിച്ചത്.

Exit mobile version