കക്കാട്ടാറ്റില്‍ മലവെള്ളത്തില്‍ സാഹസിക തടി പിടിത്തം: ഇവരാണ് വൈറല്‍ ‘നരന്‍’

പത്തനംതിട്ട: കക്കാട്ടാറ്റില്‍ മലവെള്ളത്തില്‍ യുവാക്കളുടെ സാഹസിക തടി പിടിത്തം വൈറല്‍. ‘നരന്‍’ എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാല്‍ ഇത്തരത്തില്‍ തടിപിടിക്കുന്ന രംഗത്തിലുള്ള പാട്ടും ഉള്‍പ്പെടുത്തിയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഒപ്പം അപകടാവസ്ഥയിലുള്ള സാഹസികയാത്രയ്ക്ക് രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കു കോട്ടമണ്‍പാറ ഗ്രൗണ്ട് പടിക്കല്‍ നിന്നാണ് ഇരുകര മുട്ടി ഒഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവരുടെ സാഹസിക തടിപിടിത്തം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

വേരോടെ ഒഴുകി വന്ന വൃക്ഷത്തിന്റെ മുകളില്‍ ഇരുന്ന് ഒരു കിലോമീറ്ററോളം നീന്തിപ്പോകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ സാഹസികത. വൃക്ഷം കരയ്ക്കടുപ്പിക്കല്‍ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂവരും വൃക്ഷം ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി.

ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം തടിയുടെ മുകളില്‍ ഇരുന്നായിരുന്നു ഇവരുടെ യാത്ര. തടി കരയിലേക്ക് അടുപ്പിക്കാന്‍ കഴിയാതായതോടെ മൂവരും ആറ്റില്‍ ചാടി കരയിലേക്കു നീന്തുകയായിരുന്നു. ഇവരുടെ സുഹൃത്ത് അര്‍ജുനാണ് വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

Exit mobile version