ക്ലാസ്‌റൂമില്‍ നിന്നും സിനിമയിലേക്ക്! മിലന്‍ ഇനി സിനിമയില്‍ പാടും, അവസരമൊരുക്കി പ്രജീഷ് സെന്‍

തൃശ്ശൂര്‍: ക്ലാസ്‌റൂമില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ നിന്ന ആകാശമായവളേ… പാടി സൈബര്‍ ലോകത്ത് വൈറലായ മിലന് നിറഞ്ഞ അഭിനന്ദനപ്രവാഹമാണ്. ഷഹബാസ് അമന്‍ തന്നെ മിലന് നേരിട്ട് അഭിനന്ദനം അറിയിച്ചിരുന്നു.

ഇപ്പോഴിതാ മിലനെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രജീഷ് സെന്നും. അഭിനന്ദനം മാത്രമല്ല, മിലന് കിടിലന്‍ സര്‍പ്രൈസും ഒരുക്കിയിട്ടുണ്ട്. മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തില്‍ മിലന് പാടാന്‍ അവസരം നല്‍കും എന്നും അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. കൊടകര, മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മിലന്‍.

പ്രജേഷിന്റെ വെള്ളം എന്ന ചിത്രത്തിലെ ‘ആകാശമായവളെ’ എന്ന് തുടങ്ങുന്ന ഗാനമാണ് മിലന്‍ ആലപിച്ച് വൈറലായിരിക്കുന്നത്. പ്രജീഷിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായി 2021ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വെള്ളം’. ജയസൂര്യയെ മികച്ച നടനാക്കിയതും ചിത്രമാണ്.

ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണ്. എന്നാല്‍ മിലന്റെ ശബ്ദം കണ്ണ് നനയിച്ചു. വീഡിയോ പകര്‍ത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചു. അടുത്ത സിനിമയില്‍ മിലന് പാട്ട് പാടാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചപ്പോള്‍ മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു എന്നും പ്രജേഷ് പറയുന്നു.

ക്ലാസ് മുറിയില്‍ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്. അത്തരത്തില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയില്‍ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛന്റെ…എന്ന പാട്ട് പാടിക്കുന്നത്.

എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്. കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയില്‍ പാട്ട് പാടുന്ന മിലന്‍ എന്ന കുട്ടിയുടെ വീഡിയോ അധ്യാപകന്‍ പ്രവീണ്‍ ഷെയര്‍ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു.

Exit mobile version