കേരള രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങുവരുമോ എന്ന് ചോദ്യം; ‘സ്വാമി ശരണം’ എന്ന വാക്കുകളില്‍ ഒതുക്കി കുമ്മനം രാജശേഖരന്‍

കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയത്.

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വാമി ശരണം എന്ന വാക്കുകളില്‍ ഒതുക്കി മൗനത്തില്‍ വിടവാങ്ങി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഇതോടെ സംസ്ഥാന ബിജെപി ഘടകം പ്രതീക്ഷയിലാണ്. ശബരിമലയിലെ പ്രതിഷേധങ്ങളും നീക്കങ്ങളും നിലനില്‍ക്കെയാണ് കുമ്മനത്തിന്റെ പരോക്ഷമായ വാക്കുകള്‍.

കാലടി ശ്രീശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയത്. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പരമ്പരാഗതമായി നാം കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ മാറ്റിമറിക്കാനോ ഇല്ലായ്മ ചെയ്യാനോ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കുമ്മനം രാജശേഖരന്‍ എത്രയും വേഗം കേരള രാഷ്ട്രീയത്തിലേയ്ക്ക് തിരികെ എത്തണമെന്നാണ് സംസ്ഥാന നേതാക്കളില്‍ പലരുടെയും മനസില്‍ ഉള്ളത്. പലപ്പോഴും അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ നിലവിലെ സ്ഥാനത്ത് തന്നെ കുമ്മനം തുടരണമെന്നാണ് കേന്ദ്ര നേതൃത്വവും താത്പര്യപ്പെടുന്നത്. അണികളുടെ വികാരത്തില്‍ ഇപ്പോഴും കുമ്മനം മൗനം തുടരുകയാണ്. ഇപ്പോഴത്തെ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.

Exit mobile version