മിസോറാമില്‍ സോറംതങ്കയ്ക്ക് അടിതെറ്റി: സോറം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നേറ്റം

ഐസ്വാള്‍: മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് മുന്നേറുന്നു. ഭരണകക്ഷിയായ എംഎന്‍എഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. മുഖ്യമന്ത്രിയും എംഎന്‍എഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാള്‍ ഈസ്റ്റ് ഒന്നില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാര്‍ഥി ലാല്‍ദുഹോമയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകള്‍ക്കാണ് മിസോറം മുഖ്യമന്ത്രി പരാജയമറിഞ്ഞത്.

40 സീറ്റുകളുള്ള സംസ്ഥാനത്ത് വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രി തവന്‍ലൂയ സെഡ്പിഎം സ്ഥാനാര്‍ഥിയായ ഛുവാനോമയോട് 909 വോട്ടുകള്‍ക്കും പരാജയപ്പെട്ടു.

‘നാളെയോ മറ്റന്നാളോ ഗവര്‍ണറെ കാണും. ഈ മാസത്തിനകം സത്യപ്രതിജ്ഞ ചെയ്യും,’ ശുഭപ്രതീക്ഷ പങ്കുവച്ച് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ദുഹോമ.

‘ഇപ്പോള്‍ ഞങ്ങള്‍ 20-ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു, അത് ഇതിനകം തന്നെ ഭൂരിപക്ഷമാണ്, കേവല ഭൂരിപക്ഷത്തോടെ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞാന്‍ കരുതുന്നു. ജയിച്ചാല്‍ നമ്മുടെ പ്രധാന മുന്‍ഗണന കൃഷിക്കായിരിക്കും. ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, വൈദ്യുതി, ആശയവിനിമയം, നമ്മുടെ യുവതലമുറയുടെ കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും,’ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് പറഞ്ഞു.

Exit mobile version