17 വയസുവരെ എല്ലാവരുടേയും പരിഹാസം ഏറ്റുവാങ്ങി ജീവിതം; അപകടസാധ്യത ഏറെ ഉണ്ടായിട്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായി; വേദന പങ്കുവെച്ച് ഋഷിരാജ് സിങ്

തൃശൂർ: മുച്ചുണ്ട് എന്ന വൈകല്യം കാരണം കുട്ടിക്കാലം തൊട്ട് ഒട്ടേറെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നെന്ന് വെളിപ്പെടുത്തി മുൻഡിജിപി ഋഷിരാജ് സിങ്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ സംഗമത്തിനിടെയാണ് അദ്ദേഹം തന്റെ വേദനിപ്പിക്കുന്ന കുട്ടിക്കാലത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ജന്മനാടായ രാജസ്ഥാനിൽ മുച്ചുണ്ടിന് ചികിത്സയില്ലാത്തതിനാൽ ചണ്ഡീഗഡിലെത്തി ഏറെ അപകചം നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും നിങ്ങളെപ്പോലെ ആയിരുന്നു. പക്ഷേ, നിങ്ങളെല്ലാം മുച്ചുണ്ട് എന്ന അവസ്ഥയെ ചെറുപ്രായത്തിൽ തന്നെ മറികടന്നവരാണ്. എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകാരുടെയൊക്കെ പരിഹാസം ഏറ്റുവാങ്ങി 17 വയസ്സുവരെ ഞാൻ മുച്ചുണ്ടുമായി ജീവിച്ചു..’- മുൻ ഡിജിപി പറഞ്ഞു.

‘ഞാൻ ജനിച്ചു വളർന്ന രാജസ്ഥാനിൽ അന്നൊന്നും മുച്ചുണ്ടിനു ശരിയായ ചികിത്സയുണ്ടായിരുന്നില്ല. 1977ൽ ആണു ചണ്ഡിഗഡിലെ ഒരു ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങിയത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നെടുക്കുന്ന മാംസം മുഖത്തു തുന്നിച്ചേർക്കുന്നതായിരുന്നു അന്നത്തെ രീതി. വലിയ അപകടസാധ്യതയുണ്ടെന്ന് അന്നു ഡോക്ടർ പറഞ്ഞു.പക്ഷേ, ഞാൻ ഡോക്ടറോടു പറഞ്ഞു – എനിക്ക് ഈ വൈകല്യവുമായി ഇനിയും ജീവിക്കാൻ കഴിയില്ല, പരിഹാസം ഏറ്റുവാങ്ങാത്ത ഒരു ദിവസം പോലും എന്റെ സ്‌കൂൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അങ്ങനെയാണ് അന്നു ഞാൻ മുച്ചുണ്ടിനെ അതിജീവിച്ചത്. ഇതുവച്ചു നോക്കുമ്പോൾ നിങ്ങളെല്ലാം ഭാഗ്യവാന്മാരാണ്, ചെറുപ്രായത്തിൽ തന്നെ ഈ പ്രയാസം മറികടക്കാൻ കഴിഞ്ഞല്ലോ’ – ഋഷിരാജ് സിങ് കുട്ടികളെ അഭിനന്ദിച്ചു.

ALSO READ- അഗ്നിപഥിന് എതിരായ പ്രതിഷേധങ്ങളിൽ വിഷമമുണ്ട്; അഗ്നിവീറുകൾക്ക് മഹീന്ദ്ര കമ്പനിയിൽ ജോലി നൽകും; വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തോളം പേരാണ് ജൂബിലി ആശുപത്രിയിലെ സംഗമത്തിനെത്തിയത്. മുച്ചുണ്ട് ശസ്ത്രക്രിയകളിലൂടെ പതിനായിരങ്ങൾക്കു സൗഖ്യം നൽകിയ ഡോ. എച്ച്എസ് ഏഡൻവാലയുടെ സൗമ്യസാന്നിധ്യമായി ഭാര്യ ഗുൽനാർ ഏഡൻവാല, മക്കളായ മെഹർ വർഗീസ്, ഫിർദൗസ് ഏഡൻവാല എന്നിവരും ചടങ്ങിനെത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്കു സഹായമേകുന്ന സ്‌മൈൽ ട്രെയിൻ സംഘടനയുടെ സഹകരണത്തോടെയായിരുന്നു സംഗമം. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ അധ്യക്ഷത വഹിച്ചു. സിഇഒ ഡോ. ബെന്നി ജോസഫ്, വകുപ്പുമേധാവി ഡോ. പി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു. സ്‌മൈൽ ട്രെയിൻ പ്രസിഡന്റ് സൂസന്ന ഷഫർ, ഏഷ്യൻ പ്രതിനിധി മംമ്ത കാരൾ എന്നിവർ സന്നിഹിതരായി.

Exit mobile version