വീടിന് ഭീഷണിയായി അനധികൃത മണ്ണെടുപ്പ്: വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് മാഫിയാ നേതാവ്

മൂവാറ്റുപുഴ: വീടിനുസമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയതിന് കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെമണ്ണ് മാഫിയാ സംഘത്തലവന്റെ ആക്രമണം. വിദ്യാര്‍ഥിയെ അടിച്ചുവീഴ്ത്തി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി. ലാലുവിന്റെ മകള്‍ അക്ഷയയ്ക്ക് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്. അക്ഷയയുടെ മുഖത്തടിക്കുകയും മുടിക്കുത്തിനു പിടിച്ച് വലിച്ചിഴയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങിയ അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് സമീപത്തുള്ള വീടുകള്‍ക്ക് ഭീഷണിയായിരുന്നു. മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത് വിലക്കുകയും ചെയ്തു. മണ്ണെടുക്കലോ മറ്റ് നിര്‍മാണങ്ങളോ നടത്തിയാല്‍ പോലീസിനെ അറിയിക്കണമെന്ന് അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ് പോലീസ് മടങ്ങിയത്.

എന്നാല്‍, പിറ്റേന്നുതന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീണ്ടും മണ്ണെടുപ്പ് തുടങ്ങി. വീടുകളോടു ചേര്‍ന്ന് മുപ്പത് മീറ്റര്‍ വരെ ആഴത്തില്‍ മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന് ലാലു പറഞ്ഞു. ബുധനാഴ്ച മണ്ണെടുപ്പ് തുടര്‍ന്നപ്പോള്‍ ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച അക്ഷയയെ അന്‍സാര്‍ ആക്രമിക്കുകയായിരുന്നു.

ലാലു ജോലി സ്ഥലത്തായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചവരെയും അന്‍സാര്‍ ഭീഷണിപ്പെടുത്തിയതായി ലാലു പറഞ്ഞു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണെടുപ്പെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ആവശ്യപ്പെട്ടു.

ഭരണകക്ഷിയില്‍ പെട്ട ചിലരാണ് മണ്ണെടുപ്പിനും ഭീഷണിക്കും പിന്നിലെന്നും പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ ആരോപിച്ചു.

Exit mobile version