എംഎ യൂസഫലിയുടെ ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍ വില്‍പനയ്ക്ക്; വില 50 കോടി

എറണാകുളം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിക്കവെ കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍പനയ്ക്ക്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്പി ഹെലികോപ്റ്ററാണ് ആഗോള ടെന്‍ഡറിലൂടെ വില്‍പനയ്ക്ക് വെക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11നാണ് ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട്ടെ ചതുപ്പില്‍ ഇറക്കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ടെണ്ടര്‍ വിളിച്ച് ഹെലികോപ്റ്റര്‍ വില്‍ക്കുന്നത്.

2021 ഏപ്രില്‍ 11നായിരുന്നു സംഭവം. അപകടം നടന്നതിന്റെ അടുത്ത ദിവസം ട്രെയിലറില്‍ റോഡ് മാര്‍ഗമാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഹാങ്കറില്‍ സൂക്ഷിച്ചിരിക്കുകയാണ് ഹെലികോപ്റ്റര്‍.

ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണിത്. അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നത്. അല്ലെങ്കില്‍ ഇതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനാകും.

ഈ ഹെലികോപ്റ്ററില്‍ പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാം. നാലുവര്‍ഷം പഴക്കമുള്ള ലിയോനാര്‍ഡോ 109 എസ്പി ഹെലികോപ്റ്ററിന് 50 കോടിയോളം രൂപ വിലവരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് ഈ ഹെലികോപ്റ്ററിനെ വിലയിരുത്തപ്പെടുന്നത്.

ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുന്‍പ് എട്ടു ബിസിനസ് ജെറ്റുകള്‍ വെള്ളത്തിനടിയിലായിരുന്നു. വില്‍പനയ്ക്ക് വെച്ച ഈ ഹെലികോപ്റ്ററുകള്‍ ഏറെയും വാങ്ങിയത് വിദേശ കമ്പനികളാണ്. കേടായ ഹെലികോപ്റ്ററുകളുടെ വലിയ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ത്യയില്‍ സൗകര്യം കുറവായതും വിദേശ രാജ്യങ്ങള്‍ ഇവ വാങ്ങുന്നതിന് കാരണമാണ്.

Exit mobile version