പിസി ജോര്‍ജ് ജയില്‍മോചിതന്‍ : പിണറായിക്കുള്ള മറുപടി തൃക്കാക്കരയില്‍ നല്‍കുമെന്ന് പ്രതികരണം

തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗക്കേസുകളില്‍ അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് ജയില്‍മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ്‌ പുറത്തിറങ്ങിയത്. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് ജയിലില്‍ പോയതെന്നും പിണറായിക്കുള്ള മറുപടി തൃക്കാക്കരയില്‍ നല്‍കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

തൃക്കാക്കരയില്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നറിയിച്ച പിസി ജോര്‍ജ് ജാമ്യം അനുവദിച്ച കോടതിയോട് നന്ദിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ വെച്ചാണ് പിണറായി തന്നെപ്പറ്റി അഭിപ്രായം പറഞ്ഞത്. അതിനുള്ള മറുപടി തൃക്കാക്കരയില്‍ വെച്ച് തന്നെ നല്‍കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയത്.

ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. ഈ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് വഴിയൊരുങ്ങുകയുമായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

Exit mobile version