‘വിദ്വേഷ പ്രസംഗങ്ങളിലും ജാതീയ അക്രമങ്ങളിലും പ്രതികരിക്കണം’ : മോഡിക്ക് തുറന്ന കത്തെഴുതി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് അരങ്ങേറുന്ന വിദ്വേഷ പ്രസംഗങ്ങളിലും ജാതീയ അതിക്രമങ്ങളിലും മൗനം പാലിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്ത്. ഐഐഎമ്മിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിയുടെ മൗനം ഇത്തരം പ്രവൃത്തികള്‍ക്ക് പ്രോത്സാഹനമാവുമെന്ന് കാട്ടി മോഡിക്ക് കത്തെഴുതിയത്.

ഹരിദ്വാറില്‍ മുസ്ലിംഗള്‍ക്കെതിരെ നടന്ന വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളുടെ നടപടി. ഹിന്ദുത്വ സംഘടനകളും സന്യാസികളും സംഘടിപ്പിച്ച മതപാര്‍ലമെന്റില്‍ വംശഹത്യയ്ക്ക് വരെ ആഹ്വാനമുണ്ടായിരുന്നു. വിദ്വേഷ പ്രസംഗങ്ങളും മതവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും ജാതിയടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കത്തിലുണ്ട്.

രാജ്യത്ത് ഭീതി നിഴലിക്കുകയാണെന്നും ആരാധനാലങ്ങള്‍ തകര്‍ക്കപ്പെടുന്നത് നിത്യ സംഭവങ്ങള്‍ ആകുന്നുവെന്നും സാഹോദര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പ്രധാനമന്ത്രി ശക്തമായ നിലപാടെടുക്കണമെന്നും കത്തില്‍ പറയുന്നു. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും വിദ്യാര്‍ഥികള്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ പതിമൂന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 183 പേരാണ് കത്തില്‍ ഒപ്പു വച്ചിരിക്കുന്നത്.

Exit mobile version