പെണ്ണുകാണാൻ വന്നപ്പോൾ തന്നെ സ്ത്രീധനം കിരണിന്റെ വീട്ടുകാർ ചോദിച്ചിരുന്നു; ആഗ്രഹിച്ച കാർ കിട്ടത്താതിനാണ് വിസ്മയ പീഡനം നേരിട്ടത്; വിസ്മയയുടെ പിതാവ്

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വി വിസ്മയയ്ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നാളെയാണ് കേസിൽ നിർണായകമായ വിധി വരുന്നത്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വരുന്നത്.

അതേസമയം, വിസ്മയയെ പെണ്ണുകാണാൻ വന്ന സമയത്ത് തന്നെ കിരൺകുമാറിന്റെ കുടുംബം സ്ത്രീധനം ചോദിച്ചിരുന്നുവെന്ന് വിസ്മയയുടെ അച്ഛൻ വെളിപ്പെടുത്തി.

പിന്നീട് കിരണിന്റെ വീടുകാണൽ ചടങ്ങിന് എത്തിയപ്പോൾ ‘ഞങ്ങളുടെ മകൾക്ക് നൂറ് പവൻ സ്വർണം കൊടുത്തിരുന്നു. നിങ്ങൾ എത്രയാണ് നിങ്ങളുടെ മകൾക്ക് നൽകുക’ എന്നും കിരണിന്റെ വീട്ടുകാർ ചോദിച്ചിരുന്നുവെന്നും ത്രിവിക്രമൻ നായർ പറയുന്നു.

കിരൺ വിവാഹസമ്മാനമായി ആഗ്രഹിച്ച കാർ കിട്ടാത്തതിന്റെ പേരിൽ വിസ്മയയെ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നെന്നും മകൾ നേരിട്ടത് എല്ലാം അറിഞ്ഞത് വിസ്മയയുടെ മരണത്തിന് മാസങ്ങൾക്ക് മുമ്പ് മാത്രമാണെന്നും അച്ഛൻ പറയുന്നു.

‘പ്രശ്നങ്ങളെല്ലാം ആദ്യം വിസ്മയ അമ്മയോടാണ് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാനാണ് അമ്മ ശ്രമിച്ചത്. ഒട്ടും സഹിക്കാത്തത് കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തത്. ഇത്തരം സ്ത്രീധന പീഡനങ്ങൾക്ക് എതിരായിട്ടുള്ള വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.

Exit mobile version