‘എന്റെ ഭാര്യ എന്നല്ല വന്ദനയുടെ വിലാസം, സ്ത്രീക്ക് ജോലി ലഭിക്കാന്‍ ഭര്‍ത്താവിന്റെ സ്വാധീനം വേണോ’: ആരോപണം തെളിയിച്ചാല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കും; അഭിലാഷ് മോഹനന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണത്തില്‍ പ്രതികരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍. മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന്‍ ദാസിനെ അഭിലാഷ് മോഹന്‍ ഇടപെട്ട് കുസാറ്റില്‍ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തിലാണ് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായ അഭിലാഷ് മോഹനന്റെ വിശദീകരണം.

‘2020 മെയ് മാസത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പിആര്‍ ആന്റ് പി ഡയറക്ടര്‍ എന്ന തസ്തികയിലേക്ക് വന്ദന അപേക്ഷിച്ചിരുന്നു. അഭിമുഖം കഴിഞ്ഞ് യൂണിവേഴ്സിറ്റി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചാണ് നിയമനം ലഭിച്ചത്’ അഭിലാഷ് മോഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നീ പ്രമുഖ പത്രങ്ങളില്‍ വന്ദനയ്ക്ക് 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു

നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് പറഞ്ഞു. തന്റെ ഭാര്യ എന്നല്ല വന്ദനയുടെ വിലാസമെന്നും ഒരു സ്ത്രീക്ക് ജോലി ലഭിക്കുന്നതിന് ഭര്‍ത്താവിന്റെ സ്വാധീനം വേണോ എന്നും അഭിലാഷ് ചോദിച്ചു.

ഒരാള്‍ക്ക് സ്വന്തം കഴിവുകൊണ്ട് ജോലി ലഭിക്കുമ്പോള്‍ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ധു നിയമന വിവാദമുണ്ടെന്ന് പ്രചരിപ്പിച്ച ജന്മഭൂമി ദിനപത്രത്തെയും പോസ്റ്റില്‍ വിമര്‍ശിച്ചു.

ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് കുസാറ്റില്‍ പബ്ലിക്ക് റിലേഷന്‍ വിഭാഗത്തില്‍ നിയമനം നടത്തുന്നത്. പത്രപ്രവര്‍ത്തനത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

‘കൊച്ചി സർവകലാശാലയിൽ ബന്ധുനിയമനം നടന്നോ?
മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനൻ്റെ ഭാര്യയെ കുസാറ്റിൽ പി ആർ ഓ ആയി പിൻ വാതിൽ നിയമനം നടത്തി തിരുകിക്കയറ്റി എന്നൊരു വാർത്ത സംഘ്പരിവാർ ഐ ടി സെല്ലും അവരുടെ മഞ്ഞ പത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്..ഈ കാര്യത്തിൽ ജനുവിനായ തെറ്റിദ്ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്കായിയാണ് ഈ കുറിപ്പ്. അപവാദം പറഞ്ഞും കൂകിത്തോൽപ്പിച്ചും ഇല്ലാതാക്കാം എന്ന് കരുതുന്നവരെ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്.

2020 മെയ് മാസത്തിലാണ് കൊച്ചിൻ സർവ്വകലാശാല പി ആർ & പി ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പത്ര പ്രവർത്തനത്തിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും എട്ടു വർഷം എക്സ്പീരിയൻസുമാണ് യോഗ്യത. ഒരു വർഷത്തിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഈ വിജ്ഞാപനം കണ്ട് വന്ദന മോഹൻദാസ് നിർദ്ധിഷ്ട്ട രേഖകൾ സഹിതം അപേക്ഷിച്ചു. അഭിമുഖം കഴിഞ്ഞു. യൂണിവേഴ്സിറ്റി റാങ്ക് പട്ടിക അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രണ്ടു വർഷമാണ് റാങ്ക് പട്ടികയുടെകാലാവധി. ഈ വർഷം ഫെബ്രുവരിയിൽ യൂണിവേഴ്സിറ്റിയിൽനിന്ന് ജോലിക്ക് ജോയിൻ ചെയ്യാൻ സന്നദ്ധയാണോ എന്ന് തിരക്കി. അതനുസരിച്ച് സർവ്വകലാശാലയിൽ ജോലിക്ക് ജോയിൻ ചെയ്യുകയും ചെയ്തു. ഇത്തരം നിയമനങ്ങളിൽ മൂന്നു ചോദ്യങ്ങളാണ് സാധാരണഗതിയിൽ വരിക.

1,യോഗ്യതയില്ലാത്തയാളെ നിയമിച്ചോ ?
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് , ഡെക്കാൻ ക്രോണിക്കിൾ എന്നീ പ്രമുഖ ദിനപത്രങ്ങളിലടക്കം 14 വർഷത്തെ പ്രവർത്തി പരിചയം വന്ദനക്ക് ഉണ്ട്. ഏഷ്യൻ ഏജ് , മുബൈ മിറർ, ന്യൂസ് ലോൺട്രി അടക്കമുള്ള മാധ്യമങ്ങൾക്ക് വേണ്ടി കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. പത്രപ്രവർത്തനത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഉണ്ട്. നിർദ്ദേശിച്ചതിലും കൂടുതൽ യോഗ്യത ഉണ്ട് എന്ന് ചുരുക്കം.
2, നിയമനം പ്രക്രിയയിൽ നടപടിക്രമങ്ങൾ പാലിച്ചോ?
എല്ലാ നടപടിക്രമങ്ങളും പാലിച്ച് സുതാര്യമായി നടന്ന നിയമനമാണ്
3, നിയമനത്തിൽ ബാഹ്യ സ്വാധീനം ഉണ്ടായിട്ടുണ്ടോ?

ഞാൻ ഒരു ഘട്ടത്തിലും ഒരു ഇടപെടലും നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സ്വാധീനം/ഇടപെടൽ എൻ്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് ആരെങ്കിലും തെളിയിക്കുന്ന പക്ഷം മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് അവർ പറയുന്ന പണി ചെയ്യാൻ ഞാൻ തയ്യാറാണ്.
എല്ലാ യോഗ്യതയുമുള്ള ആൾ ഒരു ജോലിക്ക് അപേക്ഷിച്ച് അത് നേടിയാൽ അത് എങ്ങനെയാണ് ഭാര്യ നിയമനം ആകുക? എൻറെ ഭാര്യ എന്നതല്ല വന്ദന മോഹൻദാസിന്റെ വിലാസം. അവരുടെ കരിയർ അവരുടേതാണ്. ഒരു സ്ത്രീക്ക് ജോലി കിട്ടണമെങ്കിൽ ഭർത്താവിന്റെ സ്വാധീനം വേണോ? ഒരാൾ സ്വന്തം മെറിറ്റിൽ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണ്.

എൻ്റെ അഭിപ്രായങ്ങളും നിലപാടുകളമാണ് ജന്മഭൂമിയുടെയും മറ്റ് വികൃത മനസ്സുകളേയും പ്രശ്നമെങ്കിൽ നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. അതിനു വേറെ വഴി നോക്കുന്നതാകും ഉചിതം.’

Exit mobile version