വിജയാഘോഷത്തെ കണ്ണീരാക്കി അമേയയുടെ വിയോഗം; നോവായി സമ്മാനങ്ങള്‍

പയ്യന്നൂര്‍: ഒപ്പനയിലും മാര്‍ഗംകളിയിലും കിട്ടിയ സമ്മാനങ്ങളൊന്നും വാങ്ങാതെ അമേയ എന്നന്നേക്കുമായി യാത്രയായത്. സംസ്‌കൃത സര്‍വകലാശാലാ കലോത്സവത്തില്‍
അമേയ ഉള്‍പ്പെട്ട പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഒപ്പനയില്‍ ഒന്നാം സ്ഥാനവും മാര്‍ഗം കളിയില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.

സന്തോഷം മായും മുന്‍പ് കാലടിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയിലാണ് അപകടം അമേയയെ കവര്‍ന്നത്. കലോത്സവത്തിനായി ചൊവ്വാഴ്ചയാണ് പയ്യന്നൂരില്‍ നിന്നുള്ള സംഘം കാലടിയിലെത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കായി അവിടെ താമസസൗകര്യവും ഒരുക്കിയിരുന്നു.

Read Also: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു

കലോത്സവം വെള്ളിയാഴ്ചയാണ് സമാപിച്ചത്. ഉച്ചയോടെയായിരുന്നു ഒപ്പന മത്സരം. കലോത്സവശേഷം നാട്ടിലേക്ക് തിരികെപോരുകയായിരുന്നു അമേയയും കൂട്ടുകാരും. കാലടിയില്‍നിന്ന് ബസില്‍ അങ്കമാലി സ്റ്റാന്‍ഡില്‍ വന്നിറങ്ങി. തുടര്‍ന്ന് തീവണ്ടിമാര്‍ഗം നാട്ടില്‍ വരാനായി അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. അങ്കമാലി ടൗണില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിനി ലോറി പാഞ്ഞുകയറിയത്.

സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ സംസ്‌കൃതം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സര്‍വകലാശാലാ കാമ്പസില്‍ അമേയ വളരെ ചുറുചുറുക്കോടെ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതായി സഹപാഠികള്‍ പറയുന്നു. വൈകിയാണ് റഗുലര്‍ ക്ലാസുകള്‍ തുടങ്ങിയതെങ്കിലും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു.

Exit mobile version