പ്രളയ ദുരിതാശ്വാസം, 10000 രൂപ കിട്ടിയില്ല..! തര്‍ക്കത്തിനൊടുവില്‍ ആശാവര്‍ക്കര്‍ക്കും യുവാവിനും വെട്ടേറ്റു

ചെങ്ങന്നൂര്‍: കേരളത്തെ നടുക്കിയ മഹാപ്രളയത്തിന്റെ ദുരിതാശ്വാസം ഇനിയും കിട്ടിയില്ലെന്നാരോപിച്ച് യുവാവും ആശാവര്‍ക്കറും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഇരുവര്‍ക്കും വെട്ടേറ്റു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആശാവര്‍ക്കറും, ബിഎല്‍ഒയുമായ ജയകുമാരിയ്ക്കും കല്ലിശ്ശേരി പാറേപ്പുരയില്‍ വിനീഷിനുമാണ് വെട്ടേറ്റത്. ജയകുമാരിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും വിനീഷ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റീ ബില്‍ഡ് കേരളയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആലാ ഗ്രാമപഞ്ചായത്തിലെ അപേക്ഷകരുടെ കണക്കെടുക്കാന്‍ തുടങ്ങിയത്. ഇതിനായി ആലാ ഗ്രാമപഞ്ചായത്തിലെ എല്‍ എസ് ജി ഡി ഓവര്‍സിയര്‍ ധന്യയും ജയകുമാരിയും ഇന്നലെ രാവിലെ മുതല്‍ ഒന്‍പതാം വാര്‍ഡില്‍ കണക്കെടുപ്പ് നടത്തുകയായിരുന്നു.

ശേഷം ഓവര്‍സിയറും ആശാ വര്‍ക്കറും ഒമ്പതാം വര്‍ഡിലെ പാറേപ്പുരയിലെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്ന വിനീഷ് സഹായം ലഭിച്ചില്ലെന്ന് ആരോപിച്ച് ശകാരിച്ചു. എന്നാല്‍ വിനീഷിന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. വാക്കുതര്‍ക്കത്തിനിടെ ഇയാള്‍ വെട്ടുകത്തിയുമായി ഇരുവര്‍ക്കും നേരെ പാഞ്ഞടുക്കുകയും ഇരുവരെയും ഉപദ്രവിക്കുകയുമായിരുന്നു. ധന്യയുടെ കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ബലമായി പിടിച്ചു വാങ്ങി ഇയാള്‍ തല്ലിപ്പൊട്ടിച്ചു.

ഇതിനു ശേഷം, സമീപത്തുള്ള ജയകുമാരിയുടെ വീട്ടില്‍ വെട്ടുകത്തിയുമായി എത്തിയ വിനീഷ് അവരുടെ പുതിയ സ്‌കൂട്ടര്‍ വെട്ടി തകര്‍ത്തു. ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. ഇതിനിടെ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിനും, വിനീഷിന്റെ മുഖത്തും തലക്കും വെട്ടേല്‍ക്കുകയുമായിരുന്നു.

Exit mobile version