വിജയ് ബാബുവിനെതിരെ നടപടിയില്ല: മാലാ പാര്‍വതിയ്ക്ക് പിന്നാലെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും അമ്മ ഐസിസിയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയില്‍ താരസംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ‘അമ്മ’യുടെ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. സെല്‍ അംഗമായ മാലാ പാര്‍വതി കഴിഞ്ഞദിവസം രാജിവെച്ചതിന് പിന്നാലെയാണ് രണ്ടുപേര്‍ കൂടി രാജിവെച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്വയം മാറിനില്‍ക്കാമെന്ന അദ്ദേഹത്തിന്റെ കത്ത് യോഗം അംഗീകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി രാജിവെച്ചത്. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ശ്വേതയും കുക്കു പരമേശ്വരനും രാജി വെച്ചിരിക്കുന്നത്. സംഘടനയുടെ വൈസ് പ്രസിഡന്റ്, ഐസി കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയാണ് ശ്വേതാ മേനോന്‍ എന്നത് ശ്രദ്ധേയമാണ്.

ഇന്നലെ ശ്വേതാ മേനോന്‍ ഈ വിഷയത്തില്‍ മോഹന്‍ലാലിന് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ താരത്തില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.

തനിക്ക് മലയാളം വായിക്കുവാന്‍ അറിയില്ല. ആ സാഹചര്യത്തില്‍ തന്നെ തെറ്റിദ്ധരിപ്പിക്കും വിധമാണ് അമ്മ പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഐസി കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ അമ്മയുടെ പത്രക്കുറിപ്പില്‍ അത് രേഖപ്പെടുത്തിയിട്ടില്ല. ഐസിസിയുടെ ആവശ്യങ്ങളും ചേര്‍ക്കണം എന്നും ശ്വേതാ മേനോന്‍ രാജിക്കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടി മാല പാര്‍വതിയും വിഷയത്തില്‍ രാജി നല്‍കിയിരുന്നു. കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍ തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട് എന്നും അതിനാലാണ് രാജി സമര്‍പ്പിക്കുന്നത് എന്നും മാല പാര്‍വതി രാജിയില്‍ പറഞ്ഞു.

Read Also: സന്തോഷ് ട്രോഫി താരം റാഷിദിന് വീടും സ്ഥലവും: വീട്ടിലെത്തി നേരില്‍ അഭിനന്ദിച്ച് ടി സിദ്ദിഖ് എംഎല്‍എ

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളില്‍ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു. ഒരു പരാതി പരിഹാര സമിതി എന്ന രീതിയില്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി എന്നും മാല പാര്‍വതി അറിയിച്ചു.

ശ്വേതാ മേനോന്‍ അധ്യക്ഷയായ സെല്ലില്‍ മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, അഡ്വ. അനഘ എന്നിവരാണ് അംഗങ്ങളായുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരാണ് വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി രാജിവെച്ചിരിക്കുന്നത്.

Exit mobile version