വിളിപ്പിക്കുമെന്നാണ് കരുതിയത് അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ല; ഞായറാഴ്ച ആയതുകൊണ്ടാകും അറസ്റ്റ് ചെയ്തത്; പിസി ജോർജിന്റെ അറസ്റ്റിൽ പ്രതികരിച്ച് മകൻ

തിരുവനന്തപുരം: അന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മകൻ ഷോൺ ജോർജ്. കേസ് നിയമപരമായി നേരിടുമെന്ന് ഷോൺ ജോർജ് പറഞ്ഞു. പോലീസിനൊപ്പം സ്വന്തം വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പോയ പിസി ജോർജിനെ ഷോൺ ജോർജും അനുഗമിച്ചിരുന്നു.

‘ മകൻ എന്നനിലയിലാണ് ഇപ്പോൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്, പൊതുപ്രവർത്തകൻ എന്ന നിലയിൽ അല്ല. എന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞു, അതിനാൽ എനിക്ക് ഒരു മകൻ എന്നനിലയിലേ ഇനി പ്രവർത്തിക്കാൻ കഴിയൂ. എന്റെ പിതാവിനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്. അവിടെ എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പറയുന്നത്. അതിനുശേഷം കോടതിയിൽ ഹാജരാക്കും. അതുസംബന്ധിച്ച കാര്യങ്ങളേ പറയാനുള്ളൂ. അറസ്റ്റ് രേഖപ്പെടുത്തുമെന്ന് വിചാരിച്ചില്ല. പോലീസ് വിളിപ്പിക്കുമെന്നാണ് കരുതിയത്.’- ഷോൺ ജോർജ് വ്യക്തമാക്കി.

‘സ്വാഭാവികമായും പോലീസ് വിളിപ്പിച്ചാൽ അങ്ങോട്ട് ചെല്ലുന്നയാളാണല്ലോ പി.സി. ജോർജ്. രാത്രി ഒരുമണിക്കാണ് എസിപിയും സിഐയും എല്ലാം അവിടെനിന്ന് പോന്നത്. ഫോർട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇന്ന് ഞായറാഴ്ച ദിവസമാണല്ലോ, അതുകൊണ്ടാകും പെട്ടെന്നുതന്നെയുള്ള ഈ അറസ്റ്റ്’- ഷോൺ ജോർജ് പറഞ്ഞു.

Exit mobile version