തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു; ദുരന്തം കണ്ട് നിന്ന യുവതിയുടെ കയ്യില്‍ നിന്നും വീണ് പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

മേപ്പാടി: വയനാട് നിലമ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തേന്‍ എടുക്കാന്‍ പോയ സംഘത്തില്‍പ്പെട്ട ആദിവാസി യുവാവും കൈക്കുഞ്ഞും മരിച്ചു. വയനാട് മുപ്പയനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയവെളുത്തയുടെ മകന്‍ രാജന്‍, നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞദിവസമാണ് ഇവര്‍ തേന്‍ എടുക്കാന്‍ നിലമ്പൂര്‍ അതിര്‍ത്തിയിലെ വനത്തില്‍ പോയത്. തേന്‍ ശേഖരിക്കുന്നതിനിടെ രാജന്‍ മരത്തില്‍ നിന്നും വീണാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ ആറ് മാസം പ്രായമായ കുട്ടി അമ്മയുടെ കയ്യില്‍ നിന്നും വീണു മരിച്ചു.

നിലമ്പൂര്‍ വനമേഖലയിലെ വലിയ മരത്തില്‍ നിന്നും തേന്‍ ശേഖരിക്കുന്നതിനിടെയാണ് രാജന്‍ മരത്തില്‍ നിന്നും തെന്നി വീണത്. കുഞ്ഞും രാജനും വനത്തിനുള്ളില്‍ വച്ചു തന്നെ മരണപ്പെട്ടിരുന്നു. തേന്‍ ശേഖരിക്കാനായി വനത്തില്‍ പോയ ആദിവാസികളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

മരണവിവരം അറിഞ്ഞ് മേപ്പാടി പോലീസ് അപകടസ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഉള്‍വനത്തില്‍ നിന്നും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

Exit mobile version