വിഷുകൈനീട്ടവുമായി അച്ഛന്‍ വന്നില്ല, കാത്തിരുന്ന കുഞ്ഞുങ്ങള്‍ക്ക് കൈനീട്ടം നല്‍കി ജഡ്ജി

തൊടുപുഴ: വിഷുക്കൈനീട്ടം തരാന്‍ അച്ഛനെത്തിയില്ല, കാത്തിരുന്ന കുഞ്ഞുങ്ങള്‍ക്ക് വിഷുകൈനീട്ടം നല്‍കി കുടുംബ കോടതി ജഡ്ജി.

തൊടുപുഴ സിവില്‍ സ്റ്റേഷനിലെ കുടുംബകോടതിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതിക്കൊപ്പമാണ് എട്ടും നാലും വയസുള്ള കുട്ടികള്‍ താമസിക്കുന്നത്.

കുട്ടികളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അച്ഛന്‍ അതിനായി കോടതിയെ സമീപിച്ചു. കുട്ടികളുമായി കോടതിയിലെത്തണമെന്നും പിതാവിന് കാണാന്‍ അവസരം നല്‍കണമെന്നും യുവതിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. വിഷുക്കാലമായതിനാല്‍ കുട്ടികളെ കാണുമ്പോള്‍ കൈനീട്ടം കൊടുക്കണമെന്ന് അച്ഛനോടും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ കേസ് വിളിച്ചപ്പോള്‍ യുവതിയും മക്കളും മാത്രമാണ് കോടതിയിലെത്തിയത്. ഉച്ചവരെ കാത്തിരുന്നിട്ടും അച്ഛന്‍ എത്തിയില്ല. തുടര്‍ന്ന് ജഡ്ജി ജി.മഹേഷ് രണ്ട് കുട്ടികളെയും അടുത്ത് വിളിച്ച് വിഷു കൈനീട്ടം നല്‍കി.

Exit mobile version