പിണറായി എന്റെ വഴികാട്ടി! കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന് പേര് തന്നെ തെളിവ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമായി എംകെ സ്റ്റാലിന്‍

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സെമിനാര്‍ വേദിയില്‍ സ്റ്റാലിന്‍ മലയാളത്തില്‍ സംസാരിച്ചത് കൗതുകമായി. മുഖ്യമന്ത്രി പിണറായിയുടെ ക്ഷണമനുസരിച്ചാണ് സമ്മേളനത്തിന്റെ ഭാഗമായതെന്നും ഇത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിന്‍ സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്റെ മുഖമാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘എല്ലാത്തിനും മേല്‍ എന്റെ പേര് സ്റ്റാലിന്‍. ഇതിനേക്കാളുമധികം എനിക്കും നിങ്ങള്‍ക്കും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്താന്‍ മറ്റൊരു കാരണം ആവശ്യമില്ല. അതുകൊണ്ട് മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഞാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ല വന്നിരിക്കുന്നത്. മറിച്ച് നിങ്ങളിലൊരാളായാണ്.’ സ്റ്റാലിന്‍ പറഞ്ഞു.

സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Exit mobile version