‘എന്നോട് ഒരു വാക്ക് ചോദിക്കാതെ അവര്‍ നൈനിക എന്ന് എഴുതികൊടുത്തു അതുകൊണ്ട് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല’: കുഞ്ഞിന് അലംകൃത എന്ന് പേരിട്ടത് എന്റെ സഹോദരിയല്ല; വൈറല്‍ പേരിടലിനെ കുറിച്ച് അച്ഛന്‍ പറയുന്നു

കുഞ്ഞിന് പേരിടുന്ന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നത്. സന്തോഷത്തോടെയുള്ള ആഘോഷം കുടുംബങ്ങള്‍ തമ്മിലുള്ള അടിപിടിയായതോടെയാണ് പേരിടല്‍ ചടങ്ങ് വൈറലായത്. കൊല്ലം തെന്മലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലും ബഹളവും ഉണ്ടായത്.

ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നു. എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ കുട്ടിയുടെ മാതാവ് കുഞ്ഞിനെ പിടിച്ച് പറിച്ച് വാങ്ങുകയും ചെയ്യുകയും കുഞ്ഞിന്റെ ചെവിയില്‍ അമ്മ ഉച്ചത്തില്‍ നൈനിക എന്ന് വിളിക്കുകയും അപകടകരമായ രീതിയില്‍ കുഞ്ഞിനെ വലിച്ചെടുക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.

തുടര്‍ന്ന് വീട്ടുകാര്‍ തമ്മിലുള്ള പോരും ആരോ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി. കൊല്ലം പുനലൂരിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിനെക്കുറിച്ച് കുഞ്ഞിന്റെ പിതാവ് പ്രദീപ് സംസാരിക്കുന്നു. വെല്‍ഡിങ്ങ് തൊഴിലാളിയാണ് പ്രദീപ്.

വൈറല്‍ വിഡിയോയില്‍ പ്രചരിക്കുന്നത് പോലെ കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് എന്റെ സഹോദരിയല്ല. ഞാന്‍ തന്നെയാണ്. ആശുപത്രിയില്‍വെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. അതാണ് സംഭവിച്ചതെന്ന് കുഞ്ഞിന്റെ അച്ഛന്‍ പ്രദീപ് പറയുന്നു.

ഞാനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളില്ല. എന്നാല്‍ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്. ഞാന്‍ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം ചോദിച്ചിട്ടുമില്ല.

എന്റെ കുടുംബത്തിലെ പ്രശ്നം ഈ രീതിയില്‍ വൈറലാക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ? 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തുകാണിച്ച് ഇതരത്തില്‍ വൈറലാക്കിയതിനെതിരെ ബാലാവകാശകമ്മീഷന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തത് തെറ്റാണ്.

കുടുംബത്തിന്റെയുള്ളില്‍ ഒതുങ്ങേണ്ട ഒരു പ്രശ്നം ഈ രീതിയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാന്‍ ഞാന്‍ സൈബര്‍സെല്ലില്‍ പരാതികൊടുക്കാന്‍ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്. ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്നു0 പ്രദീപ് പറയുന്നു.

Exit mobile version