ജേണലിസ്റ്റ് പുലികളെ, തള്ളി വിടും മുമ്പ് മൂന്നാം ക്ലാസ്സില്‍ പഠിപ്പിച്ച കണക്ക് ഒന്നുകൂടെ നോക്കണം! അയ്യപ്പജ്യോതിയിലെ പെരുപ്പിച്ച് കാണിച്ച ജനപങ്കാളിത്ത കണക്കിനെതിരെ എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി

തൃശൂര്‍: ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ബിജെപി സഹകരണത്തോടെ കഴിഞ്ഞ ദിവസം അയ്യപ്പജ്യോതി നടത്തിയിരുന്നു. ജനപങ്കാളിത്തം കൊണ്ട് അയ്യപ്പജ്യോതി ശ്രദ്ധ നേടിയെങ്കിലും, പങ്കാളിത്തത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ കണക്കുകളാണ് പലരും പറയുന്നത്. സംഘാടകര്‍ പത്ത് ലക്ഷം അവകാശപ്പെടുമ്പോള്‍ ചില മാധ്യമങ്ങള്‍ പറയുന്നത് ഇരുപത്തി ഒന്ന് ലക്ഷം വരെയാണ്. മാധ്യമ പ്രവര്‍ത്തകരുടെ ഇത്തരം സംഖ്യാ തള്ളലുകളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരനായ വൈശാഖന്‍ തമ്പി.

ഇത്തരം വിഷയങ്ങളില്‍ വലിയ വലിയ സംഖ്യകള്‍ ചുമ്മാ എടുത്തങ്ങ് വീശരുത്. തള്ളും മുമ്പ് മൂന്നാം ക്ലാസിലെ കണക്ക് ഒന്നു കൂടെ ഓര്‍ക്കണമെന്ന് വൈശാഖന്‍ തമ്പി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

‘ഒരു മനുഷ്യശരീരത്തിന് ശരാശരി അര മീറ്റര്‍ വീതിയുണ്ടാകും (സാമാന്യം തടിയുള്ളവര്‍ക്ക് അതില്‍ കൂടുതലും നല്ല മെലിഞ്ഞവര്‍ക്ക് അതില്‍ താഴെയുമായിരിക്കും) അപ്പോള്‍ രണ്ടുപേര്‍ തോളോട് തോള്‍ മുട്ടി നിന്നാല്‍ ഒരു മീറ്ററായി. ആയിരം പേര്‍ അങ്ങനെ നിന്നാല്‍ 500 മീറ്റര്‍ അഥവാ അര കിലോമീറ്റര്‍. ഇനി, മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ റോഡ് ദൂരം 640 കിലോമീറ്റര്‍ ആണ്, 6,40,000 മീറ്റര്‍. അതിനെ മുകളിലോട്ട് റൗണ്ട് ചെയ്ത് ആറരലക്ഷമാക്കിയേക്കാം. അങ്ങനെയെങ്കില്‍, അത്രയും ദൂരമുള്ള റോഡില്‍ എത്ര പേര്‍ക്ക് തോള്‍ ചേര്‍ന്ന് നില്‍ക്കാം?

6.5 ലക്ഷം ഃ 2 = 13 ലക്ഷം
ജേണലിസ്റ്റ് പുലികളോടാണ് പ്രധാനമായും ഇത് പറയുന്നത്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ, ഇടതടവില്ലാതെ മുട്ടിമുട്ടി നില്‍ക്കാവുന്ന പരമാവധി ആളുകളുടെ എണ്ണമാണ്. അതും കൈകോര്‍ത്ത് നില്‍ക്കുന്ന കാര്യമല്ല, കൈകള്‍ താഴ്ത്തിയിട്ട് തോളോട് തോള്‍ മുട്ടിനില്‍ക്കുന്ന കാര്യമാണ് പറയുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. വലിയ വലിയ സംഖ്യകള്‍ ചുമ്മാ എടുത്തങ്ങ് വീശരുത്. ഏത് ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും തള്ളുകള്‍ക്കുണ്ടാകട്ടെ മൂന്നാം ക്ലാസിലെ കണക്കിന്റെ സ്മരണകള്‍!’

Exit mobile version