മത, രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ട: ഉത്തരവിറക്കി ഫയര്‍ഫോഴ്സ്, നടപടി പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലനം വിവാദമായതോടെ

തിരുവനന്തപുരം: മത, രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടെന്ന് ഉത്തരവിറക്കി ഫയര്‍ഫോഴ്സ്. ഇത് സംബന്ധിച്ച് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ സര്‍ക്കുലര്‍ ഇറക്കി. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് വിവാദമായതോടെയാണ് നടപടി.

എന്നാല്‍ സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പരിശീലനം നല്‍കാം. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി സന്ധ്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നേരത്തെ തന്നെ അവര്‍ ശുപാര്‍ശ ചെയ്തിരുന്നു. ആലുവയിലെ പരിശീലനം ഫയര്‍ഫോഴ്സിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. മത, രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ടതില്ലെന്ന് തന്നെയാണ് ശനിയാഴ്ച രാത്രി വൈകിയിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

സിവില്‍ ഡിഫന്‍സ്, കുടുംബശ്രീ, പോലുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പരിശീലനം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ ലഭിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണം എന്നതും സര്‍ക്കുലറില്‍ എടുത്ത് പറയുന്നുണ്ട്.

Exit mobile version