ശബരിമലയില്‍ കയറാന്‍ മാലയിട്ട് വ്രതം നോറ്റ യുവതിക്ക് സുരക്ഷാഭീഷണി..! അധ്യാപിക രേഷ്മ നിശാന്ത് ജോലി രാജിവെച്ചു

കണ്ണൂര്‍: ശബരിമലയില്‍ കയറാന്‍ മാലയിട്ട് വ്രതം നോറ്റ അധ്യാപിക രേഷ്മ നിശാന്തിന് ജീവന് വന്‍ സുരക്ഷാഭീഷണി. ഇതോടെ തന്റെ ജോലി രാജിവെച്ചു. കണ്ണൂരില്‍ തളിപ്പറമ്പില്‍ സ്വകാര്യ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറാണ് രേഷ്മ.

തനിക്ക് നേരെ വധ ഭീഷിണി ഉയരുന്നതായി രേഷ്മ പറഞ്ഞു. പലരും താന്‍ എവിടെയാണെന്ന് നിരന്തരം വിളിച്ച് അന്വേഷിക്കുന്നുണ്ട്. ഇത് വീട്ടുകാരെ മാനസികമായി തളര്‍ത്തി. കുടുംബത്തിന് സുരക്ഷ പ്രധാനമാണ്. ഭീഷണിപ്പെടുത്തിയവര്‍ വീട്ടുകാരെ തളര്‍ത്തുന്നതില്‍ വിജയിച്ചു. എന്നാല്‍ താന്‍ തോറ്റ് പിന്‍മാറാനില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും പാര്‍ട്ടി കുടുംബാംഗം കൂടിയായ രേഷ്മ പറയുന്നു. ജോലി രാജിവെച്ചത് വീട്ടുകാരെ ഓര്‍ത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജോലി ഇനിയും ലഭിക്കും, തീരുമാനത്തില്‍ മാറ്റമില്ലെന്ന് രേഷ്മ വ്യക്തമാക്കുന്നു. ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് രേഷ്മ രംഗത്തെത്തിയത്. ‘പോകാന്‍ കഴിയില്ലെന്ന ഉറപ്പോട് കൂടി വര്‍ഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്. പക്ഷേ, സുപ്രിം കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ അയ്യപ്പനെ ദര്‍ശിക്കാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആര്‍ത്തവം ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായാണ് താന്‍ കാണുന്നത്. ഇക്കാരണത്താല്‍ പൂര്‍ണ ശുദ്ധിയോടു കൂടി വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും രേഷ്മ പറയുന്നു.

Exit mobile version