അയ്യപ്പജ്യോതി തെളിയിച്ചു; 795 കിലോമീറ്ററില്‍ അണിചേര്‍ന്ന് ആയിരങ്ങള്‍

കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ 795 കിലോമീറ്റര്‍ ദൂരത്തില്‍ ആയിരക്കണക്കിനുപേര്‍ അയ്യപ്പജ്യോതി തെളിക്കാന്‍ അണിനിരന്നു.

വൈകിട്ട് ആറു മണി മുതല്‍ ആറര വരെ റോഡിന്റെ ഇടതുവശത്ത് അണിനിരന്നാണ് മണ്‍വിളക്കുകളില്‍ എള്ളുതിരി തെളിയിച്ചത്. കാസര്‍ഗോഡ് ഹൊസങ്കിടി മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള നിരത്തുകളില്‍ അയ്യപ്പജ്യോതിക്കായി വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

ശബരിമലയിലെ യുവതീപ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ സമരം ചെയ്യുന്ന ശബരിമല കര്‍മസമിതിയായിരുന്നു സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്. ഇതിനു ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതോടെ സര്‍ക്കാര്‍ നിലപാടിനു ബദലാണെന്ന രാഷ്ട്രീയമുഖം കൈവന്നു.

വൈകിട്ട് അഞ്ചിന് പൊതുയോഗത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ആര്‍എസ്എസ്, ബിജെപി, എന്‍എസ്എസ്, വിവിധ സംഘപരിവാര്‍ സംഘടനകളും പന്തളം കൊട്ടാര കുടുംബാംഗങ്ങളും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ അടക്കമുള്ള പ്രമുഖരും അയ്യപ്പ ജ്യോതിക്കായി അണിനിരന്നു. പെരുന്നയില്‍ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം മന്നം സമാധിയില്‍ എത്തിയിരുന്നു.

Exit mobile version