കണിയാമ്പുഴയെ മാലിന്യമുക്തമാക്കാന്‍ നാലാംക്ലാസ്സുകാരി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി: അഭിനന്ദവുമായി കലക്ടര്‍ നേരിട്ടെത്തി

തൃപ്പൂണിത്തുറ: കളിച്ചുനടക്കേണ്ട പ്രായത്തില്‍ തന്നെ മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി ഒമ്പതുവയസ്സുകാരി. നാലാംക്ലാസ് വിദ്യാര്‍ഥിനിയായ ആന്‍ലിന അജുവാണ് ആ മിടുക്കി കുട്ടി.

കൊച്ചി നേവല്‍ ചില്‍ഡ്രന്‍സ് സ്‌കൂളില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയായ ആന്‍ലിന മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതിയിരുന്നു. എരൂര്‍ കണിയാമ്പുഴയുടെ തീരത്തുകൂടെയാണ് ആന്‍ലിന ദിവസവും സ്‌കൂളില്‍ പോയിരുന്നത്. കോവിഡ് കാലത്തിനുശേഷം വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് കത്തെഴുതിയത്. കണിയാമ്പുഴയുടെ തീരം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും അറവുമാലിന്യവും നിറഞ്ഞ് വൃത്തിഹീനമാണ്.

പാലത്തില്‍നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍ പുഴവെള്ളത്തില്‍ കലരുന്നുമുണ്ട്. മലിനമായ പുഴ കാമറയില്‍ പകര്‍ത്തി ഇതിന് പരിഹാരം തേടിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയോടൊപ്പം മലിനമാകുന്നതിനുമുമ്പും ശേഷവുമുള്ള പുഴയുടെ ചിത്രങ്ങളും അയച്ചിരുന്നു. കത്ത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഉചിത നടപടിയെടുക്കാന്‍ കലക്ടറെയും പരാതി പരിഹാര സെല്ലിനെയും ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ ജാഫര്‍ മാലിക് കുട്ടിയെ എരൂരിലെ വസതിയിലെത്തി നേരില്‍ കണ്ടത്.

മാലിന്യം തള്ളല്‍ സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെയും തൃപ്പൂണിത്തുറ മുനിസിപ്പല്‍ സെക്രട്ടറിയെയും കലക്ടര്‍ ചുമതലപ്പെടുത്തി. ആന്‍ലിയയെ എല്ലാവരും മാതൃകയാക്കണമെന്നും നേവല്‍ സ്‌കൂളിനെയും മറ്റ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഉപഹാരവും നല്‍കി.

2020ലെ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്വലബാല്യം പുരസ്‌കാര ജേതാവ് കൂടിയായ ആന്‍ലിന നാവികസേന ലഫ്. കമാന്‍ഡര്‍ അജു പോളിന്റെയും ആന്‍ മേരി ജയിംസിന്റെയും മകളാണ്. നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശൈലേന്ദ്രന്‍, നടമ വില്ലേജ് ഓഫിസര്‍ എസ്. അമ്പിളി, ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി. സന്ധ്യ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ നോഡല്‍ ഓഫിസര്‍ എല്‍ദോ ജോസഫ്, ശ്രീജി തോമസ് തുടങ്ങിയവരുമുണ്ടായിരുന്നു.

Exit mobile version