‘സതീശന്റെ മോനല്ലെടാ’, പുരുഷന്‍ ഉപയോഗിക്കുമ്പോള്‍ ഇല്ലാത്ത എന്ത് മാരകവൈറസാണ് പെണ്ണുപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നത്..! തെറി പറഞ്ഞ പെണ്‍കുട്ടികളെ പുറത്താക്കാന്‍ ഏത് പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്, അങ്ങനെയെങ്കില്‍ ആണ്‍കുട്ടികള്‍ ഉണ്ടാകില്ലാലോ പഠിക്കാന്‍; ഡോക്ടറുടെ കുറിപ്പ്

തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ ടിക് ടോക്കുകളുടെ കാലമാണ്. കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ‘ സതീശന്റെ മോനല്ലെടാ നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലെ’തുടങ്ങുന്ന രംഗം പിന്നീട് തെറി വിളിയിലാണ് അവസാനിച്ചത്. എന്നാല്‍ ശേഷം വരുന്ന കമന്റുകള്‍ കേട്ട് തരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.സംഭവം വൈറലായതോടെ തെറിവിളിച്ച പെണ്‍കുട്ടികളെ അവര്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നു പുറത്താക്കുന്നതു വരെയെത്തി കാര്യങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ ഒറ്റതിരിഞ്ഞ വിമര്‍ശനങ്ങള്‍ക്കെതിരെ കുറിപ്പിലൂടെ പ്രതികരിക്കുകയാണ് യുവഡോക്ടറും എഴുത്തുകാരിയുമായ വീണ ജെഎസ്. എന്താ ഒരു പെണ്ണ് തെറിവാക്ക് ഉപയോഗിക്കുമ്പോഴേക്കും അവളുടെ മറ്റെല്ലാ മാനുഷികവശങ്ങളും കഴിവുകളും വരെ മറന്നു, തെറിയിലും സ്വഭാവശുദ്ധിയിലും മാത്രം കൈയുംകുത്തി കാലുകളുമാട്ടി നോക്കിയിരിക്കുന്ന മറ്റൊരു സമൂഹം കേരളമല്ലാതെ വേറൊന്നുണ്ടാവില്ലെന്ന് വീണ കുറിക്കുന്നു.

വീണയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സതീശന്റെ മോന്റെയും ഒരായിരം മരുമകൻമാരുടെയും അവരുടെ പെങ്ങമ്മാരുടെയും കുരു പൊട്ടിയെന്നറിയുന്നു. വീഡിയോ കണ്ടത് മുതൽ ഒരു കാര്യം ഉറപ്പായിരുന്നു. അത് വൈരവൈറൽ ആവുമെന്നും ആ പെൺകുട്ടികൾ സ്കൂളിൽ നിന്നും പുറത്താവുമെന്നും. കാരണം പെണ്ണാണല്ലോ തെറി വിളിച്ചത്. കുറച്ച് കാര്യങ്ങൾ പറയാമേ!

ഐഎംഎയുടെ സോഷ്യൽ മീഡിയ അവാർഡ് തുക മുഖ്യമന്ത്രിയെ ഏൽപ്പിച്ചെന്നു ഒരു പ്രമുഖൻ അറിഞ്ഞപ്പോൾ ചെക്ക് കൈമാറുന്ന ഫോട്ടോ കണ്ട പ്രമുഖന്റെ ഉത്തരം ഇതായിരുന്നു. “അയാളുടെ നോട്ടം ശെരിയല്ല എന്ന്”. വളരെയധികം ബഹുമാനിക്കുന്ന ഒരാളെപ്പറ്റി ഈ പ്രമുഖൻ പറഞ്ഞ വൃത്തികേട് കേട്ട് ഞെട്ടി അതിശക്തമായി ഞാൻ പ്രതികരിച്ചപ്പോൾ വന്ന ഉത്തരം എന്താണെന്നോ? “വീണ സോഷ്യൽ മീഡിയയിൽ തെറി ഒക്കെ വിളിക്കുന്ന ആളല്ലേ. ഈയൊരു innocent joke മനസിലാവില്ലേ” എന്ന് !!!

ഇതേ അവാർഡ് എനിക്ക് ലഭിച്ചപ്പോൾ അവാർഡ് കമ്മിറ്റിയിലെ തന്നെ ചിലരെ നേരിട്ട് വിളിച്ച് “വീണയ്ക്കാണോ അവാർഡ് കൊടുക്കുന്നത്. വളരെ വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നവളാണ്” എന്ന് വരെ പറഞ്ഞ കിടിലം അധ്യാപികമാരുണ്ട് എനിക്ക്. എന്ന് മാത്രമല്ല ഒരുവർഷം മുൻപെഴുതിയ ഏതോ പോസ്റ്റിന്റെ സ്ക്രീൻഷോട് അടക്കം അയച്ചുകൊടുത്തവർ ഈ അധ്യാപകരിലുണ്ട് എന്നുവരെ അറിയേണ്ടിവന്നിട്ടുണ്ട് ! ഗതികെട്ട്, “അയ്യോ തെറി വിളിക്കല്ല, മെഡിക്കൽ സംബന്ധമായ കാര്യങ്ങൾ എഴുതിയതിനു മാത്രമാണ് അവാർഡ്” എന്ന് പറയേണ്ട ലെവലിൽ വരെ ചിലർ എത്തിയിട്ടുണ്ടത്രെ ! ഒരു പുരോഗമിച്ച സ്ത്രീസുഹൃത്തും മെസ്സേജ് അയച്ചിട്ടുണ്ട് “അശ്ലീലം എഴുതിയതിനു ആദ്യമായാവും ഒരാൾക്ക് അവാർഡ്” എന്ന് !

ഒരു പെണ്ണ് തെറിവാക്ക് ഉപയോഗിക്കുമ്പോഴേക്കും അവളുടെ മറ്റെല്ലാ മാനുഷികവശങ്ങളും കഴിവുകളും വരെ മറന്നു, തെറിയിലും സ്വഭാവശുദ്ധിയിലും മാത്രം കൈയുംകുത്തി കാലുകളുമാട്ടി നോക്കിയിരിക്കുന്ന മറ്റൊരു സമൂഹം കേരളമല്ലാതെ വേറൊന്നുണ്ടാവില്ല.

ഇവിടെ ആ കുട്ടികളെ പുറത്താക്കിയാണ് സ്കൂൾ അധികൃതർ അച്ചടക്കം നടപ്പിലാക്കിയിരിക്കുന്നത്. ആ പെൺകുട്ടികൾ ഇനി ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുന്ന insecurity എന്താണെന്നു നിങ്ങൾക്കറിയാമോ? തെറിവിളിച്ച പെണ്ണെന്ന പേര് അവൾ ചാകും വരെ അവളെ വലിഞ്ഞു മുറുക്കും. അവളുടെ ജീവിതത്തിൽ എന്നും അതവൾ കേൾക്കും. ഇതേ മാന്യന്മാർ തന്നെ “ഒഹ്ഹ്ഹ് നി തെറിയൊക്കെ വിളിക്കുന്നവൾ അല്ലെ, ഒരു കളി താ” എന്നും പറഞ്ഞുളുപ്പില്ലാതെ സമ്മതം വാങ്ങാതെ പിടിക്കാൻവരെ വരും. തട്ടി മാറ്റുമ്പോൾ “നി വെല്യ ശീലാബതി ആവല്ലേ, നിന്റ കാര്യങ്ങളൊക്കെ ഞങ്ങൾ എത്ര കേട്ടതാ” എന്ന് പുലമ്പും !

എന്നെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഒരു ശരാശരി മലയാളിപെൺകുട്ടിയുടെ ജീവിതത്തിൽ ഈ തെറിവാക്കുകൾ മുഴുവൻ അന്യമാണ്. അവൾ ഇതെല്ലാം പഠിക്കുന്നത് ആൺസുഹൃത്തുക്കളിൽ നിന്നു തന്നെയാണ്. വീട്ടുകാരിൽ നിന്നാണെന്നൊക്കെ പറയാൻ വരട്ടെ. ഇച്ചിരെ പുളിക്കും. ഏത് തന്നെ സാമൂഹികചുറ്റുപാടിലുള്ളവരോ ആവട്ടെ, ഭൂരിഭാഗം പേരും വീടുകളിൽ തെറി ഉപയോഗിക്കാറില്ല. തെറി പെണ്ണുങ്ങൾ കേൾക്കരുത് എന്ന അജണ്ട തന്നെയാണിവിടെ. ഇനി ചുരുക്കംഅവശേഷിക്കുന്ന, തെറിയഭിഷേകമുള്ള, കുടുംബത്തിൽപിറന്നവരായി അവരെ മുദ്രകുത്തേണ്ട ആവശ്യവുമില്ല.

ആണുപയോഗിക്കുമ്പോൾ ഇല്ലാത്ത എന്ത് വികാരമാണ് പെണ്ണ് തെറിയുപയോഗിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്നത്? ആണുപയോഗിച്ചാലും ആരുപയോഗിച്ചാലും തെറി തെറിയാണ് മഹാപാതകമാണ് എന്നൊക്കെ പറയാൻ വരട്ടെ.

മിക്ക പുരുഷജീവിതങ്ങളിലും “അമ്മേ” എന്നുപയോഗിക്കുന്നതിലും കൂടുതൽ ഉപയോഗിക്കപ്പെട്ട വാക്കായിരിക്കും “മുടിയേ” എന്ന വാക്കിന്റെ കൂടുതൽ ജനപിന്തുണ നേടിയ പദവും പിന്നെ vagina എന്നതിന്റെ മലയാളിജനപിന്തുണ നേടിയ പദവും.ഇപ്പറഞ്ഞ രണ്ടു സാധനവും തന്റെ സ്വന്തം അമ്മക്കുണ്ടെന്നും രണ്ടാമത്തെത്തിലൂടെ ഊർന്നിറങ്ങിയാണ് താൻ ലോകത്തെത്തിയതെന്നും ഭൂരിഭാഗം വരുന്ന പുരുഷകേസരികളും ആ വാക്ക് ഏറ്റവും വൃത്തികെട്ട ടോണോടെ ഉച്ചരിക്കുമ്പോൾ ഓർക്കാറേയില്ല .

പുരുഷൻ ഉപയോഗിക്കുമ്പോൾ ഇല്ലാത്ത എന്ത് മാരകവൈറസാണ് പെണ്ണുപയോഗിക്കുമ്പോൾ അത്തരം വാക്കുകളിൽ ഉണ്ടാവുന്നത്. എന്തുതരം പൊളിറ്റിക്സ് ആണ് നിങ്ങൾ പെൺതെറിയിൽ കലർത്തുന്നത്?

തെറിവാക്ക് ഉപയോഗിച്ചാൽ സ്കൂളിന് പുറത്താക്കാം എന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്? അങ്ങനെയെങ്കിൽ ഇതിന് മുന്നേ എന്തൊക്കെ തെറിപ്പാട്ടുകൾ നമ്മൾ ഇതേപോലെ കണ്ടിരിക്കുന്നു. എത്ര ആൺകുട്ടികളെ സ്കൂളുകളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്????? കേരളസമൂഹത്തിന്റെ ആൺസ്നേഹം നമുക്കപ്പോ ശെരിക്കും മനസിലാക്കാം.

തെറികൾ അറിയാവുന്ന, ഉപയോഗിക്കുന്ന ഒരു സ്ത്രീയെന്ന രീതിയിൽ എനിക്ക് പറയാനുള്ള സത്യം ഇതാണ്. എനിക്കറിയാവുന്ന മാരകതെറികളിൽ ഒന്നുപോലും ഞാൻ എന്റെ വീട്ടിൽനിന്നോ എന്റെ പെൺസുഹൃത്തുക്കളിൽ നിന്നോ പഠിച്ചിട്ടുള്ളവയല്ല. എല്ലാം ആണുങ്ങളിൽ നിന്നാണ്. ആണുങ്ങളിൽ നിന്നും മാത്രമാണ്. ആൺലോകനീതിയിൽ തെറിയുണ്ടെങ്കിൽ അത് പെൺലോകത്തുപയോഗിക്കുന്നതിൽ ആരും രോഷം കൊള്ളേണ്ട കാര്യമില്ല.

ആൺ ചെയ്യുന്ന വൃത്തികേട് പെണ്ണുപയോഗിക്കണം എന്നാണോ എന്ന വികലവാദം കൊണ്ടൊന്നും ഇങ്ങോട്ട് വരണ്ട. ആൺ ഉപയോഗിക്കുമ്പോൾ just a mistakeഉം പെണ്ണുപയോഗിക്കുമ്പോൾ JUST REMEMBER THAT എന്നുമാകുന്ന അവസ്ഥ ഇല്ലാതാക്കുക തന്നെ വേണം . അതാണ് ഇവിടെ വിഷയം.

അവൾ ശബരിമലയിൽ കയറട്ടെ, “നടപ്പന്തലിൽവെച്ച് തന്നെ അവളുടെ പൂ#$@ൽ നിലവിളക്ക് കേറ്റും” എന്ന് പറഞ്ഞ മഹാത്മാക്കൾ വിളയുന്നിടം തന്നെയാണല്ലോ അല്ലേ ഇത്????

സതീശന്റെമോൻ വിഷയത്തിൽ സുരേഷ് സി പിള്ള എഴുതിയത് വായിക്കുക തന്നെ വേണം. അതുമാത്രമാണ് ഇക്കാര്യത്തിൽ പ്രസക്തമായിട്ടുള്ളത്. അതുമാത്രമേയുള്ളു ഇതിൽ.

ആ കുട്ടികൾക്ക് സാധാരണജീവിതം ഉണ്ടാവണം. അവരെ സ്കൂളിൽ തിരിച്ചെടുക്കണം. മറ്റൊന്നും പറയാനില്ല.
#സതീശന്മാരുടെകുരുതലങ്ങുംവിലങ്ങുംപൊട്ടിച്ചവരുടെകൂടെ

Exit mobile version