മൂന്ന് പതിറ്റാണ്ടായി മകളെപ്പോലെ സ്‌നേഹിച്ചു: അച്ചായനെ അവസാനമായി യാത്രയാക്കാന്‍ ‘ബീന’ ബസും എത്തി

കോട്ടയം: മൂന്ന് പതിറ്റാണ്ടായി ബസിനെ മകളെപ്പോലെ സ്‌നേഹിച്ച ബസ് ഡ്രൈവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബീന ബസും എത്തി. 35 വര്‍ഷത്തെ ആത്മബന്ധത്തിനൊടുവില്‍ അപൂര്‍വമായ, വികാരനിര്‍ഭരമായ, വിടപറയല്‍ ചടങ്ങിനാണ് ചൊവ്വാഴ്ച പൂമറ്റം പള്ളിമുറ്റം സാക്ഷിയായത്.

കുഞ്ഞുമോന്‍ ചേട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനത്താനം പള്ളിനീരാക്കല്‍ ജോര്‍ജ് ജോസഫ് (72) കോട്ടയം-അയര്‍ക്കുന്നം-മറ്റക്കര-പാലാ-റൂട്ടിലോടുന്ന ബീനാ ബസിന്റെ സാരഥിയായിരുന്നു. 35 വര്‍ഷമാണ് ‘ബീന’യ്ക്കൊപ്പം അച്ചായന്‍ നാട്ടുവഴികളിലൂടെ സഞ്ചരിച്ചത്.

ഇടയ്ക്ക് കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലിക്ക് പോയെങ്കിലും ആ ബന്ധം ‘ബ്രേക്ക്’ ആയില്ല. വിരമിച്ച ശേഷവും അച്ചായന്‍ ‘ബീന’ ബസ് ഓടിക്കാന്‍ തിരികെയെത്തി. പിരിച്ചുകയറ്റിയ മീശയും സരസമായ ഇടപെടലും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമായിരുന്നു. അതുകൊണ്ട് നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു.
രോഗബാധിതനായതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ബസ് ഓടിക്കാനായിരുന്നില്ല. പക്ഷേ വഴിപിരിയാതെ ആ ബന്ധം മരണം വരെയും തുടര്‍ന്നു.

പ്രായത്തെ വെല്ലുന്ന ഊര്‍ജവും കൃത്യനിഷ്ഠയുമായിരുന്നു അച്ചായന്റെ പ്രത്യേകതയെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യു പറയുന്നു. ”അച്ചായനുമായുള്ള ബന്ധം മറക്കാനാവില്ല. അതുകൊണ്ടാണ് സംസ്‌കാരച്ചടങ്ങില്‍ ബസും കൊണ്ടുവന്നിട്ടത്. ആദ്യമായി വേളാങ്കണ്ണി സര്‍വീസിന് വോള്‍വോ ബസ് എടുത്തപ്പോഴും അച്ചായന്‍ തന്നെയാണ് ഓടിച്ചത്” ബോബി മാത്യു പറഞ്ഞു.

Exit mobile version