‘ഇതുപോലെ ഒരു അപകടം സംഭവിക്കുമെന്നും ഇത്രയും ആളുകളെ ബുദ്ധിമുട്ടിക്കേണ്ടിവരുമെന്നും കരുതിയിരുന്നില്ല… എന്നെ ആരും അനുകരിക്കല്ലേ’ ബാബു പറയുന്നു

Trekker Babu | Bignewslive

പാലക്കാട്: 46 മണിക്കൂറോളം മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത് രാജ്യം മുഴുവൻ ചർച്ച ചെയ്ത വിഷയമാണ്. കേരളം ഒന്നടങ്കമാണ് ബാബുവിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചത്. ഇപ്പോൾ താൻ ആ മലയിടുക്കിൽ അനുഭവിച്ചതും മറ്റും തുറന്ന് പറയുകയാണ് ബാബു. പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടതിനു പിന്നാലെയാണ് ബാബുവിന്റെ പ്രതികരണം. തന്നെ ആരും അനുകരിക്കരുതെന്നും ഇതുപോലെ ഒരു അപകടം സംഭവിക്കുമെന്നും കരുതിയിരുന്നില്ലെന്നും ബാബു പറയുന്നു. ഇത്രയും ആളുകളെ ബുദ്ധിമുട്ടിക്കേണ്ടി വരുമെന്നും വിചാരിച്ചിരുന്നില്ലെന്നും ബാബു കൂട്ടിച്ചേർത്തു.

ബാബുവിന്റെ വാക്കുകൾ;

‘ഉണങ്ങിയ പുല്ലിൽ ചവിട്ടി കാലുവഴുതിയാണ് മലമുകളിൽ നിന്ന് താഴേക്ക് വീണത്. നെഞ്ചിടിച്ച് വീണതിനാൽ ഉരുളാതെ പാറയിൽ പിടിച്ചുനിൽക്കാൻ സാധിച്ചു. 400 മീറ്ററോളം മുകളിലേക്ക് കയറാൻ പറ്റില്ലെന്ന് അറിയാമായിരുന്നു, അതിനാൽ താഴേക്കിറങ്ങി ഒരു സുരക്ഷിതമായ സ്ഥലംകണ്ടെത്തി നിന്നു. ആദ്യം കൂട്ടുകാരെ വിവരം അറിയിച്ചു ഫോട്ടോയും അയച്ചുകൊടുത്തു. പിന്നീട് ഫയർ ഫോഴ്‌സിനെ വിളിച്ചു. തിങ്കളാഴ്ച രാത്രി 10 മണിവരെ നിൽക്കുകയായിരുന്നു. ഉറങ്ങിയാൽ വീഴുമോയെന്ന പേടിയിൽ കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല’.

ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടി: പാഞ്ഞെത്തി ട്രെയിന്‍, ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ല, കുഞ്ഞിനെയും കൂട്ടി പാളത്തിന് നടുവില്‍ കിടന്ന് യുവാവ്, ധീരതയ്ക്ക് അഭിനന്ദനം

‘എന്നെ ആരും അനുകരിക്കരുത്.സാഹസികത ഇഷ്ടപ്പെടുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം യാത്രകൾ തുടരുക. ഇതിന് മുമ്പ് രണ്ടുതവണ കൂർമ്പാച്ചി മലകയറാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പാതിവഴിയിൽ തിരിച്ചിറങ്ങി. തിങ്കളാഴ്ച രാവിലെ പത്രവിതരണത്തിന് ശേഷം രണ്ട് പൊറോട്ട കഴിച്ചാണ് കൂട്ടുകാരുമൊത്ത് മല കയറാൻ തുടങ്ങിയത്. മീൻപിടിക്കാൻ പോകാനായിരുന്നു ആദ്യ പ്ലാൻ, പിന്നീടാണ് അല്പം സാഹസികതയുള്ള മലകയറ്റത്തിലേക്ക് തിരിഞ്ഞത്. ആനയും പുലിയുമുണ്ടെന്ന് അറിയാമെങ്കിലും നിത്യേന കാണുന്ന മലമുകളിൽ കയറുക വലിയ ആഗ്രഹമായിരുന്നു. വെള്ളവും ഭക്ഷണവും എടുക്കാതിരുന്നതിനാൽ കൂടെയുണ്ടായിരുന്നവർ ക്ഷീണിതരായി. അവർ തിരികെപ്പോയി’

മലയിടുക്കിൽ അകപ്പെട്ടെങ്കിലും പേടി തോന്നിയില്ല. എങ്ങനെയും രക്ഷപ്പെടുമെന്ന് വിശ്വാസമുണ്ടായിരുന്നു. പരമാവധി സുരക്ഷാ സ്ഥലത്ത് തന്നെ ഇരിക്കാനാണ് ആദ്യദിനം ശ്രമിച്ചത്. രണ്ടാംദിനം രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷിച്ചു. പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ എല്ലാവരും വന്നിട്ടും ഫലമുണ്ടായില്ല. ഹെലികോപ്റ്റർ വന്നിട്ടും കയറാൻ കഴിയാതെ വന്നപ്പോൾ നിരാശ തോന്നിയെങ്കിലും രക്ഷപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിതമായ ചൂടും രാത്രിയിലെ തണുപ്പുമാണ് ആദ്യത്തെ സ്ഥലത്തുനിന്ന് 20 അടി താഴേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന വിധം സ്ഥലമുണ്ടായിരുന്നു അവിടെ. പാറയിടുക്കിലായതിനാൽ തന്നെ വന്യമൃഗങ്ങളുടെ ശല്യമൊന്നും ഉണ്ടായിരുന്നില്ല. വെള്ളം പോലും കിട്ടാതിരുന്നതിനാൽ ക്ഷീണം അനുഭവപ്പെട്ടു.

മലയടിവാരത്ത് വലിയ ജനക്കൂട്ടം നിൽക്കുന്നത് കാണാമായിരുന്നു. ബുധനാഴ്ച സൈന്യം അരികിലെത്തി വെള്ളം തന്നു. അല്പനേരം വിശ്രമിച്ചശേഷം ശരീരത്തിൽ ബെൽറ്റും മറ്റും കെട്ടിയാണ് തന്നെ ബി.ബാലകൃഷ്ണൻ എന്ന സൈനികൻ മുകളിലേക്ക് എത്തിച്ചത്. മുകളിലെത്തിയശേഷം മാതളം കഴിച്ചെങ്കിലും ചർദ്ദിച്ചു. അമ്മയുമായി ഫോണിൽ സംസാരിച്ചു. വീണ്ടും ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഹെലിക്കോപ്റ്ററിൽ കഞ്ചിക്കോടെത്തിച്ചത്. ആരോഗ്യം പൂർണമായും വീണ്ടെടുത്ത ശേഷം സുരക്ഷാ മാനദണ്ഡങ്ങളോടെ ഇനിയും യാത്ര തുടരും. ഇതുപോലെ അപകടം സംഭവിക്കുമെന്നും ഇത്രയും ആളുകളെ ബുദ്ധിമുട്ടിക്കേണ്ടിവരുമെന്നും കരുതിയില്ല. എന്റെ ജീവനു വേണ്ടി പ്രാർത്ഥിച്ചവർക്കും രക്ഷിക്കാൻ സഹായിച്ചവർക്കും നന്ദി

Exit mobile version