ഈ രാത്രി കൂടി അതിജീവിക്കാന്‍ സാധിക്കണേ! രക്ഷാദൗത്യത്തിനായി ആര്‍മിസംഘം, ടീമില്‍ എവറസ്റ്റ് കീഴടക്കിയവരും, ബാബുവിന് വേണ്ടി പ്രാര്‍ഥനയോടെ നാട്

പാലക്കാട്: മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവ് ബാബുവിന് വേണ്ടി പ്രാര്‍ഥനയോടെ നാട്. മലയിടുക്കില്‍ അകപ്പെട്ട് മുപ്പത് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഇതുവരെ ഭക്ഷണമോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്.

കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. ഈ ഒരു രാത്രി കൂടി അതിജീവിക്കാന്‍ ബാബുവിനെ സാധിക്കണേയെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രാര്‍ഥന.

ബാബുവിനെ രക്ഷപ്പെടുത്താനായി ആര്‍മിയുടെ രക്ഷാദൗത്യം ഇന്ന് രാത്രിയോടെ തന്നെ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് പേരടങ്ങുന്ന സംഘം മലമ്പുഴയിലേക്ക് പുറപ്പെട്ടു. പര്‍വതാരോഹണ രക്ഷാപ്രവര്‍ത്തനത്തിലെ വിദഗ്ധരാണ് ആര്‍മി ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കാര്‍ഗില്‍ ഓപറേഷന്‍, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയില്‍ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു.

പത്ത് പേരുള്ള രക്ഷാസംഘത്തില്‍ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. ഒരാള്‍ ലെഫ്നന്റ് കമാന്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. യുദ്ധ സമയത്തുള്ള രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ നടത്തിയ സംഘമാണ് നിലവില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.

Read Also: ‘എനിക്ക് ഒന്നും വേണ്ട, ആ സഹായം മറ്റുള്ളവര്‍ക്ക് കൊടുക്കൂ’: തന്നെ ഫോണില്‍ വിളിച്ച സുരേഷ് ഗോപിയോട് വാവ സുരേഷ്

ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് ബാബു എന്ന യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈനികസംഘം എത്തും. പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയില്‍ നിന്ന് പുറപ്പെട്ടു. വ്യോമസേനയുടെ പാരാകമാന്‍ഡോ സംഘം ബെംഗളൂരുവില്‍ നിന്നാണ് എത്തുക.

ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നാളെ പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിണ്‍ ഭാരത് ജിഒസി അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്- മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version