ഉമ്മ അറിയുന്നുണ്ടോ, മിന്നു ഇന്ന് വിവാഹജീവിതത്തിലേക്ക്; ഒന്നര പതിറ്റാണ്ടിനിപ്പുറവും മാതൃവാത്സല്യം കൊതിച്ച് പെറ്റമ്മ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍

കോഴിക്കോട്: ‘ചോറ് വാങ്ങാന്‍ പോയ ഉമ്മയെ ഇത്ര വൈകിയിട്ടും എന്തേ കാണാത്തത്… എന്തിനാണ് ഞങ്ങളെ ആശുപത്രിയിലാക്കി ഉമ്മ പോയത്.’ മാതൃവാത്സല്യം കൊതിച്ച് മിന്നുവും പൊന്നുവും ഇന്നും ചോദിക്കുന്നത് ഇതുതന്നെയാണ്.

ഒന്നര പതിറ്റാണ്ടു മുന്‍പ് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ ആശുപത്രിയില്‍ ഉപേകഷിച്ചുപോയ വാര്‍ത്ത വായിക്കാത്തവരുണ്ടാകില്ല. നിഷ്‌കളങ്കരായ ആ കുഞ്ഞുങ്ങളുടെ ചോദ്യം ഇന്നും മലയാളിയുടെ കാതുകളില്‍ അലയടിയ്ക്കുന്നുണ്ട്. ഇന്ന് അവരിരുവരും വളര്‍ന്ന് വലുതായി, ജംഷീനയും ജംഷീറയുമായി. ഇതില്‍ ജംഷീന ഇന്ന് വിവാഹിതയാവുകയാണ്.

ശനിയാഴ്ച യത്തീംഖാന ഒലീവ് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ജംഷീന വിവാഹിതയാവുകയാണ്. ചേളന്നൂര്‍ സ്വദേശിയും കാപ്പാട് യത്തീംഖാനയില്‍ വളര്‍ന്ന യാസര്‍ അറാഫത്താണ് തുണയാകുന്നത്. യത്തീംഖാനയുടെ ചരിത്രത്തിലെ നാല്‍പതാം വിവാഹ ചടങ്ങാണിത്. വൈകിട്ടു 3 മുതല്‍ 9 വരെ നടക്കുന്ന ചടങ്ങില്‍ യത്തീംഖാന ഭാരവാഹികളും മറ്റു സഹവാസികളും ചടങ്ങില്‍ പങ്കെടുക്കും.

2007 സെപ്റ്റംബറിലാണ് 4ഉം 2ഉം വയസുള്ള മക്കളെയുമെടുത്ത് ഉമ്മ നസീറ സ്‌നേഹിത സിന്ധുവിനെ കാണാനെന്നു പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. മക്കള്‍ക്ക് ഭക്ഷണം വാങ്ങിവരാമെന്നു സ്‌നേഹിതയോട് പറഞ്ഞ് കുട്ടികളെ ഏല്‍പ്പിച്ചു ഉമ്മ ഉപേക്ഷിച്ച് പോകുകയായിരുന്നു.

ഒടുവില്‍ പോലീസും അന്വേഷണവുമായി. പത്രത്തില്‍ ചിത്രം സഹിതം വാര്‍ത്തയുമായി. നാളുകള്‍ കടന്നുപോയി. നസീറ മക്കളെ കാണാന്‍ പോലും എത്തിയില്ല. ഒടുവില്‍ ഉറ്റ ബന്ധുക്കളും ഏറ്റെടുക്കാതെയായപ്പോഴാണ് കിണാശേരി യത്തീംഖാന ഇരുവര്‍ക്കും അഭയം നല്‍കിയത്.

Exit mobile version