വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയുടെ പൂച്ചയെ തല്ലിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

കൊച്ചി: വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയുടെ വളര്‍ത്തുപൂച്ചയെ കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റില്‍. എറണാകുളം ഐരാപുരം സ്വദേശിയായ സിജോ ജോസഫിനെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഈ മാസം 25ന് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അയല്‍വാസി തന്റെ പൂച്ചക്കുഞ്ഞിനെ കൊല്ലുന്ന വീഡിയോ ഐരാപുരം സ്വദേശിയായ യുവതി പങ്കുവച്ചത്. യുവതിയുടെ പൂച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങളെയും കൊണ്ട് അയല്‍വാസിയുടെ ടെറസിലേക്ക് പൂച്ച പോകാറുണ്ട്.

ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ല. മൂന്നാമത്തെ പൂച്ചക്കുഞ്ഞിനെ സിജോ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോ കണ്ട എറണാകുളം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് സിജോ പൂച്ചക്കുഞ്ഞിനെ കൊന്നതെന്നാണ് കണ്ടെത്തല്‍. എസ് എച്ച് ഒ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Exit mobile version