അനശ്വര നിമിഷത്തെ പകര്‍ത്തി ‘ചിത്രക്കൂട്’: ശ്രദ്ധേയമായി 12 ലക്ഷത്തിന്റെ വിവാഹ ആല്‍ബം

കൊച്ചി: വിവാഹം ജീവിതത്തിലെ മനോഹര നിമിഷമാണ്, ഓരോ മുഹൂര്‍ത്തങ്ങളും
ആല്‍ബമാക്കി സൂക്ഷിക്കുന്നവരാണ് ഏറെയും. സാധാരണയായി ലക്ഷങ്ങള്‍ മുടക്കിയ ആല്‍ബങ്ങളായാലും അലമാരയില്‍ ഇടം പിടിയ്ക്കുകയാണ് ചെയ്യാറ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു ആശയമാണ് ശ്രദ്ധേയമാകുന്നത്.

‘മരക്കാറിന്റെ’ സ്റ്റില്‍ ഫൊട്ടോഗ്രാഫറായ ഷാലു പേയാടിന്റെ ‘ചിത്രക്കൂട്’ എന്ന ആശയമാണ് കൈയ്യടി നേടുന്നത്. വിവാഹഫോട്ടോകള്‍ക്ക് മാത്രമായി നിര്‍മ്മിച്ച മനോഹരമായ അലമാരയാണ് ‘ചിത്രക്കൂട്’.

ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍ എന്നെന്നും സൂക്ഷിക്കാന്‍ ഒരിടം. ഇതായിരുന്നു ഷാലുവിന്റെ ആശയം. അതു പ്രകാരമാണ് ചിത്രക്കൂട് ഒരുങ്ങിയത്.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ സ്റ്റില്‍ ഫൊട്ടോഗ്രഫറായി പ്രവര്‍ത്തിച്ചതാണ് ഇത്തരമൊരു ആശയത്തിന് പ്രചോദനമായതെന്ന് ഷാലു പറയുന്നു. സിനിമയുടെ അവസാനരംഗങ്ങളില്‍ മരക്കാറെ ചോദ്യം ചെയ്യുന്ന പോര്‍ച്ചുഗീസുകാരന്‍ ഒരു പെട്ടിയുടെ മുകളിലാണ് ഇരിക്കുന്നത്. സാബു സിറിള്‍ കലാസംവിധാനം നിര്‍വഹിച്ച സെറ്റില്‍ വേറെയും മനോഹരമായ വര്‍ക്കുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ പലതും കൂടിച്ചേര്‍ന്നാണ് ‘ചിത്രക്കൂട്’ രൂപപ്പെട്ടത്.

പലരോടും ഇതേക്കുറിച്ച് പറഞ്ഞെങ്കിലും ‘നടക്കുന്ന കാര്യമായി തോന്നുന്നില്ല’ എന്നായിരുന്നു മറുപടി. എന്നാല്‍ മുന്നോട്ടു പോകാന്‍ തന്നെയായിരുന്നു ഷാലുവിന്റെ തീരുമാനം.

അപ്പോഴാണ് തൃശൂര്‍ സ്വദേശികളായ ഡോ. പ്രവീണ്‍ റാണ, വയന ചന്ദ്രന്‍ എന്നിവരുടെ വെഡ്ഡിങ് വര്‍ക്ക് ലഭിക്കുന്നത്. അവരോട് ഈ ആശയം പറഞ്ഞു. 12 ലക്ഷം രൂപ വേണ്ടി വരുമെന്നും അറിയിച്ചു. ചെലവ് പ്രശ്‌നമല്ലെന്നും വര്‍ക് ഏറ്റവും മികച്ചതായിരിക്കണം എന്നുമായിരുന്നു മറുപടി.

അതോടെ ചിത്രക്കൂട് യാഥാര്‍ഥ്യമാക്കാനായുള്ള ശ്രമത്തിലായിരുന്നു ഷാലു. ഈട്ടിത്തടി ഉപയോഗിച്ച് നാല് അറകളുള്ള അലമാരയാണ് പണിതത്. സേവ് ദ് ഡേറ്റ്, ഹല്‍ദി മെഹന്തി, വിവാഹം എന്നീ ചടങ്ങുകളുടെ ആല്‍ബങ്ങളാണ് മൂന്ന് അറകളിലുള്ളത്. ഇതിന്റെ വീഡിയോകളുള്ള പെന്‍ഡ്രൈവുകള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കള്‍ എന്നിവയ്ക്കായാണു നാലാമത്തെ അറ. അലമാരയുടെ മുന്‍വശത്തായി വധൂവരന്മാരുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

മരത്തില്‍ നേരിട്ട് പ്രിന്റ് ചെയ്യുന്ന രീതിയാണ് ഇതിനായി ഉപയോഗിച്ചത്. ഇരുവരുടെയും പേര് സ്വര്‍ണം കൊണ്ടാണ് ചിത്രക്കൂടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മുന്‍വശത്ത് ക്യൂആര്‍ കോഡ് നല്‍കിയിട്ടുണ്ട്. ഇതു സ്‌കാന്‍ ചെയ്ത് വിവാഹചിത്രങ്ങളും വീഡിയോകളും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ലെതറിനു പകരം മരം കൊണ്ട് നിര്‍മിച്ച കെയ്‌സുകള്‍ ആണ് ആല്‍ബം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ കെയ്‌സുകളിലും ആല്‍ബത്തിനകത്തും ക്യൂആര്‍ കോഡുകള്‍ ഉണ്ട്.

സാങ്കേതിക വിദ്യ കൂടുതല്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ മികച്ച വര്‍ക്കുകള്‍ ഭാവിയില്‍ ചെയ്യാനാകുമെന്ന പ്രത്യാശ ഷാലു പ്രകടിപ്പിക്കുന്നു. പുതിയ പല ആശയങ്ങളും മനസ്സിലുണ്ട്. ടിവിയും എല്‍ഇഡി ലൈറ്റുമൊക്കെ വിവാഹ ആല്‍ബത്തിന്റെ ഭാഗം ആക്കാനാവുമെന്ന് ഷാലു കരുതുന്നു.

ചിത്രക്കൂടിനെക്കുറിച്ച് അറിഞ്ഞ് നിരവധി ഫൊട്ടോഗ്രഫര്‍മാരും ഉപഭോക്താക്കളും വിളിച്ചിരുന്നു. ഒരോരുത്തര്‍ക്കും അനുയോജ്യമായ ചെലവില്‍ ഇതും ചെയ്യാം. കോവിഡ് വ്യാപനത്തോടെ മറ്റേതു മേഖലയും പോലെയോ അതില്‍ക്കൂടുതലോ വെഡ്ഡിങ് ഫൊട്ടോഗ്രഫി പ്രതിസന്ധിയിലായിരുന്നു. പുതിയ ആശയങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ആ പ്രതിസന്ധിയില്‍നിന്നു കരകയറാനും അതിജീവിക്കാനുമാവൂ. എന്റെ ഈ ആശയം സഹപ്രവര്‍ത്തകരായ മറ്റു ഫൊട്ടോഗ്രഫര്‍മാര്‍ക്ക് സഹായമാകുമെങ്കില്‍ കൂടുതല്‍ സന്തോഷമെന്നും ഷാലു പറയുന്നു.

Exit mobile version