‘ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സ്പീച്ച് പറയാറുണ്ട്’: നടി അഹാന കൃഷ്ണ കുമാര്‍

മലയാള സിനിമയിലെ യുവ നായികമാരില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ്ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി. മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച യുവനടി കൂടിയാണ് അഹാന. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ തന്റെ കുട്ടിക്കാലത്തെ ചില നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അഹാന. ചെറുപ്പത്തില്‍ താന്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് പിച്ചും പേയും പറയാറുണ്ടായിരുന്നുവെന്നാണ് അഹാന പറയുന്നത്.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം രസകരമായ ഇക്കാര്യം പറഞ്ഞത്. ‘ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്’.-അഹാന പറഞ്ഞു

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് നടി എത്തിയത്.

അതേസമയം, തനിക്ക് നേരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് നടി അടുത്തിടെ മനസ് തുറന്നിരുന്നു. തന്റെ ഫോട്ടോയും റബൂട്ടാന്റെ ചിത്രവും മാത്രം വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ടാണ് പലരും അവരുടെ യുട്യൂബ് ചാനല്‍ ആരംഭിക്കുന്നതെന്ന് അഹാന അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

തനിക്ക് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടാകുന്നതെങ്കിലും പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു.

Exit mobile version