കണ്‍മുന്നില്‍ മുങ്ങിത്താഴ്ന്ന് മുത്തശ്ശിയും കുഞ്ഞനിയനും: മരണത്തില്‍ നിന്നും കോരിയെടുത്ത് കുരുന്നുകള്‍

പാലക്കാട്: വെള്ളത്തില്‍ മുങ്ങിത്താഴുന്ന ജീവനുകളെ കണ്ടപ്പോള്‍ ആഴമൊന്നും അശ്വിനെ ഭയപ്പെടുത്തിയില്ല. അവരെ രക്ഷപ്പെടുത്തണമെന്ന ചിന്ത മാത്രമായിരുന്നു ആറാം ക്ലാസ്സുകാരന്‍ അശ്വിന്റെയും അഞ്ചാംക്ലാസ്സുകാരന്‍ അശ്വിന്റെയും മനസ്സില്‍.

നാല് വയസ്സുകാരന്‍ നാഥു, മുത്തശ്ശി രത്നം(54), അയല്‍വാസി ശാന്ത (60) എന്നിവരെയാണ് മരണത്തിന്റെ ആഴങ്ങളില്‍ നിന്നും രണ്ട് കുരുന്നുകള്‍ മുങ്ങിയെടുത്തത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് മലമ്പുഴ കടുക്കാംകുന്നം വാരണിപ്പുഴപ്പാലത്തിന് താഴെ തടയണയില്‍ നാഥും മുത്തശ്ശിയും അയല്‍വാസിയും കുളിക്കാനും അലക്കാനും എത്തിയത്. കുളിക്കാനായി ഇറങ്ങുന്നതിനിടെ ശാന്തമ്മയും നാഥും കാല്‍ തെന്നി ആഴത്തിലേക്ക് വീണു. ഇത് കണ്ട് രത്നം അവരെ രക്ഷിക്കാന്‍ എടുത്ത് ചാടുകയായിരുന്നു.

തടയണയ്ക്കു കുറച്ചകലെ നീന്തിക്കളിക്കുകയായിരുന്നു വാരണി അക്കരക്കാട് കണ്ണന്‍ സുനിത ദമ്പതികളുടെ മകന്‍ കെ അശ്വിനും(12), അരവിന്ദാക്ഷന്‍ ശുഭ ദമ്പതികളുടെ മകന്‍ എഎസ് അശ്വിനും(11) സംഭവം കണ്ടു കരയ്ക്കുകയറി ഇവിടേക്ക് ഓടിയെത്തുകയായിരുന്നു.

ആദ്യം കെ. അശ്വിന്‍ കുട്ടിയെ മുങ്ങിയെടുത്തു. ഇതിനു പിന്നാലെ എഎസ് അശ്വിന്‍ ശാന്തമ്മയെയും രത്നത്തെയും കൈയില്‍ പിടിച്ച് ഏറെ പ്രയാസപ്പെട്ടു വലിച്ചു കയറ്റുകയായിരുന്നു.

ഈ സമയം പ്രദേശവാസികളും ഓടിയെത്തി. മൂവരെയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഇവരെ രാത്രിയോടെ വീട്ടിലേക്ക് വിട്ടയച്ചു.

കെ അശ്വിന്‍ മലമ്പുഴ സെന്റ് ജൂഡ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും എഎസ് അശ്വിന്‍ അകത്തേത്തറ എയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

വെള്ളത്തില്‍ നിന്നും വേഗത്തില്‍ പുറത്തെടുക്കാനായതും പ്രാഥമിക ചികിത്സ നല്‍കാനായതും രക്ഷയായെന്നും മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version