നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പി കോട്ടയം സ്വദേശിയെന്ന് സൂചന

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനൊപ്പം ഗൂഢാലോചനയിൽ ഉൾപ്പെട്ട വി.ഐ.പിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്.കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇതെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാക്ഷി ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. വി.ഐ.പിയെ സംബന്ധിച്ച് വലിയ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.

ദിലീപിന്റെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ വി.ഐ.പിയും ഉണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയിൽ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടാൽ തിരിച്ചറിയാമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.

കോട്ടയത്തുള്ള ഇയാൾക്ക് ഹോട്ടൽ വ്യവസായമുൾപ്പെടെ നിരവധി ബിസിനസുകളുണ്ട്. സാക്ഷി ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതായാണ് സൂചന.അതേസമയം ശബ്ദസാമ്പിൾ പരിശോധിച്ച ശേഷം മാത്രമേ ഇദ്ദേഹമാണെന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം വരികയുള്ളൂ. ശബ്ദസാമ്പിൾ പരിശോധന അടക്കം ഉടൻ നടത്തുമെന്നാണ് അറിയുന്നത്.ഗൂഢാലോചന നടന്ന ഘട്ടത്തിൽ ഉണ്ടായിരുന്ന ഓഡിയോ റെക്കോർഡ് ആണ് അന്വേഷണ സംഘത്തിന് ബാലചന്ദ്ര കുമാർ കൈമാറിയത്.

കോട്ടയം സ്വദേശിയായ ഈ വ്യവസായിക്ക് ദിലീപുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കോട്ടയം ജില്ലയിലും സംസ്ഥാന സർക്കാരിലുമടക്കം സ്വാധീനമുള്ള വ്യക്തിയാണ് ഇയാൾ എന്ന് ബാലചന്ദ്ര കുമാർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

വി.ഐ.പിയുടെ വേഷം ഖദർ മുണ്ടും ഷർട്ടുമാണെന്നും ഇയാൾ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവർത്തകനാകാമെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിനെ ഏൽപ്പിച്ചത് വി.ഐ.പി ആണെന്നതുൾപ്പെടെ ബാലചന്ദ്രകുമാർ നേരത്തെ നിരവധി മൊഴികൾ പൊലീസിന് നൽകിയിരുന്നു.

Exit mobile version