അയ്യപ്പദര്‍ശനത്തിന് മണിക്കൂറുകള്‍ കാത്തിരുന്ന് ഭക്തര്‍; സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം, ഇന്ന് മാത്രമെത്തിയത് ലക്ഷത്തിലേറെ അയ്യപ്പന്മാര്‍

പമ്പ: ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം. മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കുമ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്ക് പ്രകാരം 1,02,680 തീര്‍ഥാടകര്‍ മലകയറിയിട്ടുണ്ട്. ശനിയാഴ്ച 1, 24,480 പേരാണ് മല കയറിയിട്ടുണ്ട്. ഈ സീസണിലെ ഇതുവരെയുള്ള റെക്കോര്‍ഡാണിത്.

തിരക്ക് വര്‍ധിച്ചതോടെ നിലയ്ക്കലില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായെങ്കിലും നാല് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ കൂടി രൂപീകരിച്ച് പ്രശ്‌നം പരിഹരിച്ചു. ആങ്ങമൂഴിയിലും വടശേരിക്കരയിലുമാണ് പാര്‍ക്കിങ് ഗ്രൗണ്ട്. പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കയറ്റി വിടുന്നതില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.

സന്നിധാനത്തെ നടപ്പന്തലും മരക്കൂട്ടവും കടന്ന് ശരംകുത്തി വരെ നീളുന്നു തീര്‍ഥാടകരുടെ നിര. ഈ മണ്ഡഡലകാലത്ത് ഇതുവരെ സന്നിധാനം സാക്ഷ്യം വഹിക്കാത്ത ഭക്തജനപ്രവാഹമാണ് ഇന്ന്. അയ്യന്റെ ദര്‍ശനത്തിനായി കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളാണ്.

പമ്പയ്ക്ക് പുറമെ പുല്ലുമേട് വഴിയെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. കാല്‍ലക്ഷം പേര്‍ കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഇതു വഴി സന്നിധാനതെത്തി. പതിനെട്ടാം പടിയിലൂടെ മിനിറ്റില്‍ നൂറോളം അയ്യപ്പന്‍മാരെയാണ് കയറ്റി വിടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ എണ്ണം വര്‍ധിപ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

വ്യാഴാഴ്ച നട അടയ്ക്കുന്നതുവരെ ഈ തിരക്ക് തുടരാനാണ് സാധ്യത. ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയത്ര നാളെ ഉച്ചകഴിഞ്ഞ് പമ്പയിലും വൈകിട്ട് സന്നിധാനതെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിക്കൊണ്ടുള്ള മണ്ഡലപൂജ.

അതേസമയം, യുവതീ പ്രവേശത്തിന്റെ പേരില്‍ പമ്പയിലും മരക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങള്‍ തീര്‍ഥാടക വരവിനെ ഒരുതരത്തിലും ബാധിച്ചില്ല. പ്രതിഷേധം നടന്ന ദിവസങ്ങളിലും തീര്‍ഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു.

Exit mobile version