ഇളനീര്‍ ഇടാനായി തെങ്ങില്‍ കയറി; തെങ്ങുകയറ്റ യന്ത്രത്തില്‍ കുടുങ്ങി തലകീഴായി കിടന്നു! വീട്ടുകാരുടെ കണ്‍മുന്‍പില്‍വെച്ച് ഫൈസലിന് ദാരുണാന്ത്യം

പെരുമണ്ണ: ഇളനീര്‍ ഇടാനായി തെങ്ങില്‍ കയറിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വീട്ടുകാരുടെ കണ്‍മുന്‍പില്‍വെച്ച് ദാരുണാന്ത്യം. പെരുമണ്ണ പയ്യടിമീത്തല്‍ ചിറക്കല്‍ ഫൈസല്‍ ആണ് മരിച്ചത്. 43 വയസായിരുന്നു. തെങ്ങുകയറ്റ യന്ത്രത്തില്‍ കുരുങ്ങി തലകീഴായി ഏറെ നേരം കിടന്നതാണ് ഫൈസലിന്റെ മരണത്തിന് ഇടായക്കിയത്.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അയല്‍വാസിയുടെ തെങ്ങില്‍നിന്ന് ഇളനീര്‍ വലിച്ചുനല്‍കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉയരംകൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവില്‍വെച്ച് തെങ്ങു കയറ്റയന്ത്രം കുടുങ്ങി പിറകിലേക്ക് മറിഞ്ഞ ഫൈസല്‍, അരയ്ക്ക് കെട്ടിയ കയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ഉടനടി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മീഞ്ചന്ത ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഫൈസലിനെ തെങ്ങില്‍ നിന്നിറക്കി.

ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്.ആര്‍.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറാണ്. പിതാവ്: പരേതനായ മൊയ്തീന്‍. മാതാവ്: കദീജ. ഭാര്യ: ഹബീബുന്നീസ. മക്കള്‍: ഫഹീം ആദില്‍, ഷഹീം ആദില്‍, അമീന്‍ അബ്ദുള്ള, ഹിദായത്തുള്ള. സഹോദരി: സെറീന.

Exit mobile version