മതം പറയുന്നവര്‍ അറിയണം, അള്ളാകോവിലും ഉത്സവം നടത്തുന്ന ഹൈന്ദവരെയും; ക്രിസ്തുമസിന് വിഭവസമൃദമായ സദ്യയും ഗാനമേളയും! ആഘോഷത്തിന്റെ രാവ്

മൂന്നാര്‍: മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്കിടയില്‍ മാതൃകയാവുകയാണ് പള്ളിവാസലിലെ ‘അള്ളാകോവില്‍’ മുസ്ലിം സൂഫിവര്യന്റെ പേരിലുള്ള ആരാധനാലയം. കാളിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനൊപ്പമാണ് ഈ ആരാധനാലയത്തിലും ഉത്സവം നടക്കുന്നത്. അത് നടത്തുന്നതാകട്ടെ ഇവിടുത്തെ ഹൈന്ദവരും. ഉത്സവത്തിലെ പ്രധാന ആഘോഷം നടക്കുന്നത് ആകട്ടെ ക്രിസ്തുമസ് ദിനത്തിലുമാണ്.

ഈ ദിനത്തില്‍ ജാതിഭേദ മത വിത്യാസമില്ലാതെയാണ് ജനങ്ങള്‍ എത്തുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തുള്ള ആരാധനാലയം മുസ്ലിം സൂഫിവര്യനായ പീര്‍ മുഹമ്മദിന്റെ കബറിടമെന്നാണ് വിശ്വാസം. കാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമാണിത്. ക്ഷേത്രഭാരവാഹികളാണ് മേല്‍നോട്ടം. നൂറ്റാണ്ടുകളായി ഈ കബറിടം സൂക്ഷിക്കുന്നതും ദിവസവും വിളക്ക് തെളിക്കുന്നതും ഹൈന്ദവരാണ്.

തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

ക്രിസ്മസ് ദിനത്തില്‍ ഹൈന്ദവരുടെ നേതൃത്വത്തില്‍ ‘അള്ളാകോവിലി’ല്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഗാനമേളയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെയും അള്ളാകോവിലിലെയും ഭണ്ഡാരങ്ങളില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ പണവും മൂന്നായി വിഭജിച്ച് ഒരു വിഹിതം ആനച്ചാലിലെ കത്തോലിക്കാ ദേവാലയത്തിന് എല്ലാ വര്‍ഷവും മുടങ്ങാതെ നല്‍കുന്നുമുണ്ട്. കാളിയമ്മന്‍ ക്ഷേത്രത്തിലെയും അള്ളാകോവിലിലെയും വരുമാന വിഹിതം കത്തോലിക്കാ പള്ളിക്കാണ് നല്‍കുന്നത്. സാധാരണ മുസ്ലിം പള്ളികളിലേതുപോലെ പതിവ് നിസ്‌കാരച്ചടങ്ങുകളില്ലെങ്കിലും പ്രദേശത്തെ മുസ്ലിങ്ങളും മൂന്നാറില്‍ വിനോദസഞ്ചാരികളായെത്തുന്നവരും ഇവിടെ പ്രാര്‍ഥന നടത്താറുണ്ട്. 1760ലാണ് ഈ കബറിടം സ്ഥാപിച്ചതെന്നാണ് ജെ.ഡി.മണ്‍റോ ഓര്‍മക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അള്ളാകോവിലിനെപ്പറ്റിയുള്ള വിശ്വാസം ഇങ്ങനെ:

ഹൈറേഞ്ചില്‍ സുവിശേഷവേലയ്ക്കായി അന്ത്യോഖ്യായില്‍നിന്ന് അഞ്ച് ബാവാമാര്‍ എത്തി. മൂന്നുപേരും പള്ളിവാസലിലെത്തിയപ്പോള്‍ ഒരാള്‍ ക്ഷീണിതനായി. ഇദ്ദേഹം ഇവിടെ വിശ്രമിച്ചു. മറ്റ് രണ്ടുപേര്‍ കോതമംഗലം ഭാഗത്തേക്ക് പോയി. അവശനിലയിലായിരുന്നയാള്‍ പിന്നീട് മരിച്ചു. വേഷവും മറ്റും കണ്ട് ഇദ്ദേഹം മുസ്ലിം ആണെന്ന് നാട്ടുകാര്‍ ധരിച്ചു. അതിനാല്‍, മുസ്ലിം ആചാരപ്രകാരം കബറടക്കി. മൂന്നുപേരില്‍പ്പെട്ട എല്‍ദോ മാര്‍ ബസേലിയോസ് കോതമംഗലത്തും അബ്ദുള്‍ ജലീല്‍ വടക്കന്‍ പറവൂരില്‍വെച്ചും മരിച്ചു.

കോതമംഗലം ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാളിനോടനുബന്ധിച്ച് മറയൂര്‍ കോവില്‍ക്കടവില്‍ നിന്നാരംഭിക്കുന്ന പദയാത്രയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ എല്ലാവര്‍ഷവും അള്ളാകോവിലിലെത്തി ധൂപപ്രാര്‍ഥന നടത്തുന്നു. ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ പെരുന്നാളാണ് കന്നി ഇരുപത്. മറ്റൊരു വിശ്വാസം തിരുവിതാംകൂറില്‍നിന്ന് കോയമ്പത്തൂര്‍ക്ക് പോയ ഒരു മുസ്ലിം കച്ചവടക്കാരന്‍ യാത്രാമധ്യേ ഇവിടെ മരിച്ചുവെന്നതാണ്. അദ്ദേഹത്തെ ഇവിടെ കബറടക്കിയത്രെ.

Exit mobile version