ടെലഗ്രാം ആപ്പ് സിനിമാ മേഖലയ്ക്ക് ഭീഷണി, നിരോധിക്കണമെന്നാവശ്യപ്പെട്ട് ബേസില്‍ ജോസഫ്

കൊച്ചി: ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാ മേഖലയ്ക്ക് ഭീഷണിയാണെന്നും ബേസില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്. ടെലഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷേ അതിലെ ഗ്രൂപ്പുകളിലേക്ക് തീയറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ലായെന്നോര്‍ത്ത് ആശങ്കയുണ്ട്.”

Read Also: നാല്‍പതിനായിരം രൂപ ഉണ്ടോ? ഗുരുവായൂരപ്പന്റെ ‘ഥാര്‍’ സ്വന്തമാക്കാന്‍ അവസരം: പരസ്യലേലം നാളെ

അതേസമയം, ബേസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രിമിയര്‍ മുംബൈയില്‍ നടന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു പ്രത്യേക പ്രദര്‍ശനം. മലയാളത്തിന്റെ അഭിമാന ചിത്രമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായങ്ങള്‍.

ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’. ‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ റിലീസിനെത്തുന്നത്. 24ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘മിന്നല്‍ മുരളി’ റിലീസ് ചെയ്യും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍.

Exit mobile version