ലിബി മുന്‍ യുക്തിവാദി നേതാവ്; ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹമില്ല; സുപ്രീംകോടതി വിധി നടപ്പാക്കുക ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം; ശബരിമലയ്ക്ക് പുറപ്പെട്ട യുവതിയുടെ കുറിപ്പ്

തിരുവനന്തപുരം: വ്രതം എടുത്ത് മാലയിട്ട് കറുപ്പുവസ്ത്രത്തില്‍ ശബരിമലക്കെന്ന് പറഞ്ഞ് പത്തനംതിട്ട സ്റ്റാന്‍ഡിലെത്തിയ ലിബി എന്ന യുവതി മുന്‍ യുക്തിവാദി നേതാവ്. സുപ്രീംകോടതി വിധി സംരക്ഷിച്ച് നടപ്പാക്കാനും ലിംഗനീതി ഉറപ്പാക്കാനും വേണ്ടിയാണ് നാലംഗം സംഘം മല ചവിട്ടുമെന്ന് ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചാണ് ലിബിയും സംഘവും പത്തനംതിട്ടയില്‍ എത്തിയത്.

അതേസമയം അവിടെ പോലീസ് തടഞ്ഞപ്പോള്‍ താന്‍ വിശ്വാസിയാണ് എന്നാണ് ലിബി പറഞ്ഞത്. വ്രതം ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. തന്റെ പ്രതിഷേധമാണെന്ന് പറയാതെ ഫാന്‍സിഡ്രസ്സ് മല്‍സരം പോലത്തെ ഇത്തരം നടപടികള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമമാണെന്നാണ് യുകതിവാദികള്‍ പോലും പറയുന്നത്. അതിനിടെ ലിബിക്ക് കേരള യുക്തവാദി സംഘവുമായി ബന്ധമില്ലെന്നും നേരത്തെ അവരെ പുറത്താക്കിയതാണെന്നുമാണ് കേരള യുക്തിവാദി സംഘം പറയുന്നത്.

അധ്യാപികയും യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റുമാണ് ലിബി. ചേര്‍ത്തല സ്വദേശിയായ ഡോ ഹരികുമാറാണ് ഇവരുടെ ഭര്‍ത്താവ്. കൂടെയുണ്ടായിരുന്നത് മറ്റൊരു അഭിഭാഷക ദമ്പതികളും ഒരു സഹ അധ്യാപികയുമാണ്.

ലിബയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

ശബരിമല വരെ ഈ യാത്രയില്‍ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. യാത്ര തടസപ്പെട്ടാല്‍ അവിടെ യാത്ര അവസാനിപ്പിക്കും സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ ഈ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെതന്നെയാണ് ഞങ്ങള്‍ പോകുന്നത് എന്ന് അവര്‍ പറഞ്ഞു.

ഈ യാത്രയില്‍ ഞങ്ങളില്‍ ആരെങ്കിലുമോ ഞങ്ങള്‍ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവര്‍ ആരെന്നും അതിന് ആഹ്വാനം ചെയ്തവര്‍ ആരെന്നും വ്യക്തമായ തെളിവുകള്‍ എല്ലാവരുടെയും കൈകളില്‍ ഉണ്ടല്ലോ.? പുനരുദ്ധാനവാദികള്‍ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്‌ബോള്‍ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.അയോദ്ധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്തതരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡില്‍ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും, മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളില്‍ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടില്‍ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരുരാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയില്‍ പൊതുവേദിയില്‍ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും.

രാഹുല്‍ ഈശ്വരന്‍ കുറെഗുണ്ടകളുമായി ശബരിമലയില്‍ തമ്ബടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുക്കുകയും ചെയ്യുമ്‌ബോള്‍ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയ്യാറെടുത്തത്. ലിബി പോസ്റ്റില്‍ വ്യക്താമാക്കി.

Exit mobile version