കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; മരിച്ചവരില്‍ മലയാളി സൈനികനും, പ്രദീപിന്റെ വിയോഗത്തില്‍ ഞെട്ടി നാട്

Helicopter Accident | Bignewslive

ഊട്ടി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളി സൈനികനും. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ എ. പ്രദീപ് ആണ് മരിച്ചത്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ അപകടത്തില്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.

പ്രദേശത്ത് മൂന്നു ദിവസത്തോളം ഇവിടെ കനത്ത മഞ്ഞായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്ന് മരത്തില്‍ ഇടിച്ച് പൊട്ടിത്തകര്‍ന്ന് തീപിടിച്ചു എന്നാണ് സമീപവാസികള്‍ പറയുന്നത്. ഹെലികോപ്റ്റര്‍ നിലത്തുവീണ് തീ പിടിച്ചതോടെ ആര്‍ക്കും അടുക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇത് രക്ഷാപ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു.

Exit mobile version