സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പെട്രോള്‍ പമ്പ് കൊച്ചിയില്‍; ഒപ്പം പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന തേപ്പ് പെട്ടിയും!

ദേശീയപാത 544-ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന റീട്ടെയില്‍ ഔട്ട്ലറ്റ് ആണ് പൊങ്ങം ജൂബിലി പമ്പ്.

കൊച്ചി: സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പെട്രോള്‍ പമ്പ് അങ്കമാലി പൊങ്ങത്ത് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് ഉദ്ഘാടനം ചെയ്തു. പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന തേപ്പ് പെട്ടിയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഐഒസിഎല്‍ പെട്രോള്‍ പമ്പുകള്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റഡ് എന്ന 100 ശതമാനം ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ദേശീയപാത 544-ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന റീട്ടെയില്‍ ഔട്ട്ലറ്റ് ആണ് പൊങ്ങം ജൂബിലി പമ്പ്. 322 കിലോ ലിറ്റര്‍ പെട്രോളും 954 കിലോ ലിറ്റര്‍ ഡീസലും ആണ് ഇവിടെ പ്രതിമാസം വിറ്റഴിക്കപ്പെടുന്നത്. പൊങ്ങത്തെ സൗരോര്‍ജ്ജ ശേഷി 50 കെ വി എ ആണ്. ഇരുമ്പനത്ത് ഇന്ത്യന്‍ ഓയില്‍ 4 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്ക് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.

ഹെര്‍ബല്‍ ഗാര്‍ഡന്‍, തീര്‍ത്ഥാടക വിശ്രമമുറി, സസ്യഭക്ഷണ ശാല എന്നിവയെല്ലാം ഇവിടെ ഉണ്ട്. സംസ്ഥാനത്തെ പ്രളയകാലത്ത് മൂന്നാറില്‍ ഇന്ധനടാങ്കറുകള്‍ എത്തിച്ച ട്രക്ക് ജീവനക്കാരേയും ആദരിച്ചു. സംസ്ഥാനത്ത് 313 സൗരോര്‍ജ്ജ പമ്പുകളാണ് ലക്ഷ്യം. 1.5 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദനശേഷി.

Exit mobile version