മോഫിയ പർവീണിന്റെ മരണം: പ്രതിക്കൂട്ടിൽ മുൻ സി ഐ സുധീറും

ആലുവ:ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും സിഐയുടെ മോശമായ പെരുമാറ്റത്തെ തുടർന്നും ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥി മോഫിയ പർവീണിന്റെ മരണത്തിൽ തയാറാക്കിയ കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും.

സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്. സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയ ഉടനെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. എസ്എച്ച്ഒ മോഫിയയോട് കയർത്ത് സംസാരിച്ചെന്നും മോഫിയ ആത്മഹത്യ ചെയ്തത് നീതി കിട്ടില്ലെന്ന മനോവിഷമത്താലാണെന്നും കുറ്റപത്രത്തിലുണ്ട്.

ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.സുധീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് മോഫിയയുടെ കുടുംബവും ആവശ്യപ്പെട്ടു.കേസിൽ ആരോപണവിധേയനായതിന് പിന്നാലെ സുധീറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.

കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമീഷണറുടെ നേതൃത്വത്തിൽ വകുപ്പുതര അന്വേഷണവും സുധീറിനെതിരെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്ന് ഉച്ചയ്ക്ക് ശേഷം മോഫിയയുടെ വീട് സന്ദർശിക്കുന്നുണ്ട്.

Exit mobile version