പ്രതിഷേധവും സംഘര്‍ഷവും ഭക്തരെ ബാധിക്കുന്നില്ല; ശബരിമലയില്‍ റെക്കോര്‍ഡ് തീര്‍ത്ഥാടകര്‍

ശബരിമല: മനിതി സംഘത്തിന്റെയും മറ്റ് യുവതികളുടെയും ശബരിമലയിലേക്കുള്ള പ്രവേശനവും പ്രതിഷേധവും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഭക്തരെ ബാധിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംഘര്‍ഷത്തിനിടയിലും ശബരിമലയില്‍ റെക്കോര്‍ഡ് ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പമ്പയിലെ മെറ്റല്‍ ഡിക്ടറ്ററുകള്‍ വഴി ശബരിമലയിലേക്ക് കടന്നു പോയവരുടെ കണക്ക് ഈ മണ്ഡലകാലത്ത് ആദ്യമായി ഇന്നലെ ഒരു ലക്ഷം പിന്നിട്ടു.

ശനിയാഴ്ച രാത്രി 12 മുതല്‍ ഇന്നലെ രാത്രി 9 വരെ 1,13,818 പേരാണ് പമ്പ വഴി മല ചവിട്ടിയത്. യുവതികള്‍ എത്തിയതിനെ തുടര്‍ന്ന് പമ്പയില്‍ സംഘര്‍ഷം ഉടലെടുത്തെങ്കിലും രാവിലെ 9 വരെ 42,778 പേരാണു മലചവിട്ടിയത്. മണ്ഡലകാലം സമാപിക്കും മുന്‍പുള്ള അവസാന ഞായറാഴ്ച ആയതിനാല്‍ തിരക്ക് വര്‍ധിക്കുകയായിരുന്നു. 21ന് 97,384 പേരും 22ന് 95,551 പേരും ദര്‍ശനത്തിനെത്തിയതായാണ് പമ്പയിലെ കണക്ക്.

എന്നാല്‍ 21ന് 1,12,260 പേര്‍ ദര്‍ശനത്തിനെത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം. പുല്ലുമേടു വഴി ദര്‍ശനത്തിനെത്തിയവരെ കൂടി ഉള്‍പ്പെടുത്തിയായിരുക്കും കണക്കുകള്‍ എന്ന് അനുമാനിക്കപ്പെടുന്നു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയതു കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ്.

Exit mobile version