‘ഹലാല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ, എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയത്; ഹര്‍ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ‘ഹലാല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോയെന്നും എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും കോടതി രൂക്ഷഭാഷയില്‍ ചോദിച്ചു. ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഹലാല്‍ നല്‍കുന്നതിന് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡുണ്ടെന്നും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പമെന്നും കോടതി ആരാഞ്ഞു. ശബരിമലയില്‍ പ്രസാദ നിര്‍മാണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി എസ്.ജെ.ആര്‍. കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

ഹലാല്‍ എന്താണെന്ന് മനസിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കാര്യങ്ങള്‍ പരിശോധിക്കാതെയാണോ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേയ്ക്ക് മാറ്റി.

Exit mobile version