അരയ്ക്ക് താഴെ സ്വാധീനമില്ല, ചിത്രകലയെ നെഞ്ചോട് ചേര്‍ത്ത് നിശാന്ത്; 32,423 സ്‌ക്രൂകൊണ്ട് തീര്‍ത്തത് നടന്‍ സുരേഷ് ഗോപിയെ, ചിത്രത്തിന് 100 കിലോ ഭാരം

Actor Suresh Gopi | Bignewslive

നെടുങ്കണം; വിധി അരയ്ക്ക് താഴെയ്ക്ക് തളര്‍ത്തിയിട്ടും ചിത്രകലയെ നെഞ്ചോട് ചേര്‍ത്ത് വിധിക്കെതിരെ പോരാടി വിജയം കാണുകയാണ് ടുട്ടുമോനെന്ന നിശാന്ത്. ഇപ്പോള്‍ നിശാന്തിന്റെ പുതിയ ചിത്രമാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ ചിത്രമാണ് നിശാന്ത് വരച്ച പുതിയ ചിത്രം.

ചിത്രത്തിന്റെ പ്രത്യേക ചായങ്ങള്‍ കൊണ്ടുള്ള ചിത്രമില്ല, മറിച്ച് 32423 സ്‌ക്രൂ ആണികള്‍ ഉപയോഗിച്ചാണ് നിശാന്ത് സുരേഷ് ഗോപിയുടെ മുഖം വരച്ചത്. നാലടി വീതിയും നാലടി ഉയരുമുള്ള ചിത്രത്തിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരവും കിട്ടി. ചിത്രത്തിന് 100 കിലോ ഭാരമുണ്ട്. ചൊവ്വാഴ്ച ചിത്രം കാണാന്‍ തൂക്കുപാലത്തെ വീട്ടിലെത്തുന്ന ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിന്റെ സര്‍ട്ടിഫിക്കറ്റ് നിശാന്തിന് നല്‍കും. ഒരു ഇലക്ട്രിക് സ്‌ക്രൂ ഡ്രില്‍ ഉപയോഗിച്ച് 144 മണിക്കൂറുകൊണ്ടാണ് സുരേഷ് ഗോപിയുടെ ചിത്രം പൂര്‍ത്തിയാക്കിയത്.

പെയ്ന്റിങ് തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് 2014 ഫെബ്രുവരി 10-ന് കുമളിയില്‍വെച്ചുണ്ടായ അപകടത്തില്‍ അരക്ക് താഴേയ്ക്കുള്ള സ്വാധീനം നഷ്ടപ്പെട്ടു. ബഹുനില കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് താഴേക്കുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ദീര്‍ഘനാളത്തെ ചികിത്സകള്‍ക്കുശേഷം ജീവിതം വീല്‍ചെയറിന്റെ സഹായത്തോടെയായി. ഇവിടെ നിന്നാണ് നിശാന്ത് ചിത്രകലയെ പൊടിത്തട്ടിയെടുത്തത്. ഇതിനോടകം നിശാന്ത് ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ചു.

സ്‌ക്രൂ ക്യാന്‍വാസില്‍ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവുംവലിയ ചിത്രം എന്ന നിലയിലാണ് ഇത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചത്. കഴിഞ്ഞദിവസം സുരേഷ് ഗോപി എം.പി. ഫോണില്‍ വിളിച്ച് അഭിനന്ദനവുമറിയിച്ചു. മുച്ചക്രവാഹനത്തില്‍ ലോട്ടറി വില്‍പ്പനയും സ്വന്തമായുള്ള മാടക്കടയിലെ കച്ചവടവുമാണ് വരുമാനമാര്‍ഗം. അച്ഛന്‍ അച്ചന്‍കുഞ്ഞ്, അമ്മ ഇന്ദിര, സഹോദരങ്ങളായ നീനു, നിമിഷ എന്നവരും പിന്തുണയുമായി ഒപ്പമുണ്ട്.

Exit mobile version