‘ഈ പട്ടി എന്നെ കടിച്ചു, മക്കളെയും ഉപദ്രവിച്ചു, എനിയ്ക്ക് വേണ്ട ഇതിനെ’ വാങ്ങിയ നായയെ തിരിച്ചെടുക്കണമെന്നാവശ്യം, വിസമ്മതിച്ച് ഉടമയും! സഹായം തേടി യുവാവ് പോലീസ് സ്‌റ്റേഷനില്‍

പട്ടിയുടെ പഴയ ഉടമ തിരികെ വാങ്ങുന്നതില്‍ വിസമ്മതിച്ചു.

നാദാപുരം: വീടിനും വീട്ടുകാര്‍ക്കും കാവലാള്‍ ആകട്ടെ എന്നു കരുതി നായയെ വാങ്ങിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. നായയെ വാങ്ങി വീട്ടില്‍ എത്തിയ നിമിഷം നായ തനി സ്വരൂപം എടുക്കുകയായിരുന്നു. യുവാവിനെ കടിക്കുകയും വീട്ടുകാര്‍ക്കു നേരെ ആക്രമണവും നടത്തി. സഹിക്കവയ്യാതെ പട്ടിയെ തിരിച്ചേല്‍പ്പിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ അവിടെയും ശ്രമം പാളി. പട്ടിയുടെ പഴയ ഉടമ തിരികെ വാങ്ങുന്നതില്‍ വിസമ്മതിച്ചു. ഇതോടെ യുവാവും നിരാശയിലായി.

എങ്ങനെയെങ്കിലും പട്ടിയെ ഒഴിവാക്കിയാല്‍ മതിയെന്നായിരുന്നു ഇയാള്‍ക്ക്. പിന്നീട് നായയെ ഓട്ടോയില്‍ കെട്ടിയിട്ട് നേരെ വച്ച് പിടിച്ചു പോലീസ് സ്‌റ്റേഷനിലേയ്ക്ക്. പരിഹാരം അവിടെ നിന്നും കണ്ടെത്താം എന്ന ഉറച്ച വിശ്വാസം അയാളില്‍ ഉണ്ടായിരുന്നു. ഒടുവില്‍ പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് നായയെ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

നാദാപുരം ചേറ്റുവെട്ടി സുരേഷിന്റെ ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തിലെ നായയെ ആണ് തൊട്ടില്‍പ്പാലം സ്വദേശിയായ കാനായിയില്‍ ലിഗേഷ് വാങ്ങിയത്. നായയെ കണ്ട് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പണമൊന്നുമില്ലാതെയാണ് സുരേഷ് ലിഗേഷിന് നല്‍കിയത്. വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

Exit mobile version