താളിയോലയിലെ കൃഷ്ണഗാഥയും മഹാഭാരതവും കണ്ണന് കാണിക്ക വെച്ച് ഇവര്‍; കൃഷ്ണഗാഥയ്ക്ക് 193 ഉം, മഹാഭാരതത്തിന് 132 വര്‍ഷവും പഴക്കം

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി താളിയോലയില്‍ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും സമര്‍പ്പിച്ച് ഹൈദരാബാദ് സ്വദേശികള്‍. 193 വര്‍ഷം പഴക്കമുള്ള കൃഷ്ണഗാഥയും 132 വര്‍ഷം പഴക്കമുള്ള മഹാഭാരതവുമാണ് കണ്ണന് സമര്‍പ്പിച്ചത്. ഹൈദരാബാദ് സ്വദേശി ഹര്‍ഷ വിജയ്, ഭാര്യ ലക്ഷ്മി സരസ്വതി എന്നിവരാണ് പഴയ മലയാള ലിപിയില്‍ എഴുതിയ ഗ്രന്ഥങ്ങള്‍ ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയത്.

ഒന്നേകാല്‍ അടിയോളം നീളവും നാലര ഇഞ്ച് കനവുമുള്ള അമൂല്യങ്ങളായ താളിയോല ഗ്രന്ഥങ്ങള്‍ 2020ല്‍ ഒരു പുരാവസ്തു വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങിയതാണെന്ന് ഹര്‍ഷ വിജയ് പറയുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഗുരുവായൂരപ്പന്റെ ഇഷ്ട ഭക്തനായിരുന്ന ചെറുശ്ശേരി നമ്പൂതിരി രചിച്ച ഭക്തികാവ്യമാണ് കൃഷ്ണഗാഥ. അതിന്റെ 1828 ല്‍ എഴുതിയ പകര്‍പ്പാണിതെന്നാണ് നിഗമനം.

മഹാഭാരതം പകര്‍പ്പ് 1889 ല്‍ എഴുതിയതാണെന് സൂചനയുണ്ട്. ഗ്രന്ഥങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കണമെന്ന ആഗ്രഹം ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ ദാസിനെ ഹര്‍ഷ വിജയ് അറിയിച്ചിരുന്നു. ശേഷമാണ് ഹര്‍ഷ വിജയ്, ഭാര്യ ലക്ഷ്മി സരസ്വതി, മക്കളായ ഗഗന പ്രിയ, മേഘനസുധ, ഗണേഷ്, ഭാനുമതി എന്നിവര്‍ ഗുരുവായൂരിലെത്തി ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചത്.

Exit mobile version