ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയന്‍ അന്തരിച്ചു; ഭാര്യ മോഹനയെ തനിച്ചാക്കി ഒടുവിലത്തെ യാത്ര

Vijayan and mohana | Bignewslive

ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയന്‍ അന്തരിച്ചു. കടവന്ത്ര സ്വദേശിയായ 76കാരനായ വിജയന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ മോഹനയെ തനിച്ചാക്കിയാണ് വിജയന്റെ ഒടുവിലത്തെ യാത്ര. 16 വര്‍ഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം വിജയന്‍ 26 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

2007 ലായിരുന്നു ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കാണ്. സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ചവ ഏതെന്നു ചോദിച്ചാല്‍, മോഹനയും വിജയനും ഒരുമിച്ചു പറയും സിംഗപ്പൂരും സ്വിറ്റസര്‍ലണ്ടും ന്യൂയോര്‍ക്കുമാണ് മനസുകവര്‍ന്നതെന്ന്.

ചെറിയ ചായക്കടയുടെ ചുമരില്‍ പതിപ്പിച്ച ലോകഭൂപടത്തില്‍ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാണിച്ചുതരും. തങ്ങള്‍ക്കു ഇനിയും പോകാനുള്ള രാജ്യങ്ങള്‍ സ്വീഡനും ഡെന്മാര്‍ക്കും നോര്‍വെയും ഹോളണ്ടും ഗ്രീന്‍ലാന്‍ഡുമാണെന്ന സ്വപ്‌നങ്ങള്‍ പങ്കിടുകയും ചെയ്തു. ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകള്‍ നിറയെ വിജയനും മോഹനയും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകള്‍ കണ്ടു മതിമറന്നു നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും തരംഗമായിരുന്നു.

അവസാന യാത്രയിലും തനിക്കൊപ്പം ഭാര്യയുണ്ടാകും എന്ന് വിജയന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഞാനല്ലാതെ പിന്നെ ആരാണ് അവളെ കൊണ്ടുപോവുക എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇനി ഭാര്യ വരില്ലെന്നോ വയ്യെന്നോ പറഞ്ഞാല്‍ വീല്‍ചെയറില്‍ അവരെ ഇരുത്തി കൊണ്ടുപോകാനും വിജയന്‍ തയാറാണ്. ജീവിതത്തിലെന്ന പോലെ യാത്രകളിലും തന്റെ ശക്തി ഭാര്യയാണെന്നും വിജയന്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ഇന്ന് കണ്ണീര്‍ സമ്മാനിക്കുകയാണ്.

Exit mobile version